| Saturday, 9th March 2024, 4:02 pm

ഗസയിൽ വ്യോമമാർഗം സഹായം; പാരച്യൂട്ടിലെ പെട്ടികൾ വീണ് അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: കൃത്യമായി ബോക്സുകൾ താഴെ എത്തിക്കുന്നതിൽ പാരച്യൂട്ടുകൾ പരാജയപ്പെട്ടതിനെ തുടർന്ന് വ്യോമ മാർഗം താഴേക്കിട്ട സഹായ പെട്ടികൾ വീണ് ഗസയിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗസയിൽ സഹായമെത്തിക്കുന്നതിന് വേണ്ടി താഴോട്ടിട്ട പെട്ടികൾ വീണാണ് അപകടം സംഭവിച്ചത്.

ഗസ നഗരത്തിലെ വടക്ക് ഭാഗത്തുള്ള അൽ ജലാ തെരുവിലും അൽ ഷാതി ക്യാമ്പിലുമാണ് പെട്ടികൾ വീണതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് അനദോലു ഏജൻസി റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ അൽ ശിഫ ആശുപത്രിയിലും ബാപ്ടിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

‘പ്ലെയ്നുകൾ സഹായമടങ്ങിയ ധാരാളം പെട്ടികൾ താഴെക്കിട്ടു. എന്നാൽ ചില പെട്ടികളുടെ പാരച്യൂട്ടുകൾ കൃത്യമായി തുറന്നില്ല. സഹായങ്ങൾ ലഭിക്കുന്നതിനായി കൂട്ടം കൂടി നിന്ന ഫലസ്തീനികൾക്ക് മുകളിലേക്ക് അവയെല്ലാം വീണു,’ ദൃക്സാക്ഷികളിലൊരാൾ അനദോലുവിനോട് പറഞ്ഞു.

ഗസ മുനമ്പിൽ ഭക്ഷണം എത്തിക്കുവാൻ ഈജിപ്ത്, യു.എ.ഇ, ജോർദാൻ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സംയുക്തമായി കഴിഞ്ഞ ഒരാഴ്ചയായി വായുമാർഗം താഴെയെത്തിക്കുകയാണ്. യു.എസും സമാനമായ നീക്കം നടത്തിയിരുന്നു.

ഗസയിൽ സഹായമെത്തിക്കുവാൻ യു.എസിന് മേൽ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ജോർദാനുമായി ചേർന്ന് വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി ഭക്ഷണം അടങ്ങിയ പെട്ടികൾ താഴേക്കിടാൻ തീരുമാനിച്ചത്.

അതേസമയം യു.എസ് നിക്ഷേപിച്ച 52,700 ഭക്ഷണപ്പൊതികൾ യാതനകളനുഭവിക്കുന്ന ജനങ്ങൾക്ക് ഒന്നുമാകുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു.

CONTENT HIGHLIGHT: Aid drops kill, injure several in Gaza City as parachutes fail to deploy

We use cookies to give you the best possible experience. Learn more