ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് വ്യക്തമാക്കി എ.ഐ.സി.സി.
ഗുലാം നബി ആസാദിനെ പോലെ സ്ഥാനമാനങ്ങള്‍ കിട്ടിയ മറ്റൊരു നേതാവില്ലെന്നും എ.ഐ.സി.സി വ്യക്തമാക്കി. രാജ്യസഭയില്‍ പുതുതായി മറ്റൊരു ഒഴിവ് ഇല്ലാത്തതിനാലാണ് ഗുലാനബി ആസാദിന് സ്ഥാനമാനങ്ങള്‍ നിലവില്‍ നല്‍കാത്തതെന്നും എ.ഐ.സി.സി വ്യക്തമാക്കി.
കോണ്‍ഗ്രസിനകത്ത് വിമത സ്വരമുയര്‍ത്തി നേതൃമാറ്റം ആവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസിന് കത്തയച്ച 23 നേതാക്കളാണ് ഇന്ന് സംഘടിച്ചത്. മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ആനന്ദ് ശര്‍മയും പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
തങ്ങളിലാരും തന്നെ ജനാലവഴി പാര്‍ട്ടിയിലെത്തിയവരല്ലെന്നാണ് ആനന്ദ് ശര്‍മ വിമര്‍ശിച്ചത്.
ആരും ജനാലവഴി പാര്‍ട്ടിയിലേക്ക് കയറിയവരല്ല, വാതിലില്‍ കൂടി നേരായി കടന്ന് വന്നവരാണ്. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പാര്‍ട്ടിയിലേക്ക് കടന്ന് വന്നത്. ഞങ്ങള്‍ കൂടിയാണ് പാര്‍ട്ടി ഉണ്ടാക്കിയത്. അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് തന്നെ തിരുത്തല്‍ നടപ്പാക്കുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് ആനന്ദ് ശര്‍മ്മ പറഞ്ഞത്.
ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യം സത്യമാണെന്നാണ് സിബല്‍ പറഞ്ഞത്. ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും സിബല്‍ പറഞ്ഞു.
‘സത്യം എന്താണെന്നുവെച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തുകൂടിയിട്ടുണ്ട്. ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തപ്പെടുത്തണം,’ അദ്ദേഹം പറഞ്ഞു.
ഗുലാനം നബി ആസാദിന് സ്ഥാനങ്ങള്‍ നല്‍കാത്തതിനെതിരെയും ശക്തമായ ഭാഷയിലാണ് കപില്‍ സിബല്‍ പ്രതികരിച്ചത്.
ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും കോണ്‍ഗ്രസിലെയും യഥാര്‍ത്ഥ അവസ്ഥ അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാത്തത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സിബല്‍ പറഞ്ഞു.
കാവി തലപ്പാവുകള്‍ അണിഞ്ഞാണ് കപില്‍ സിബലും ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയത്. ആനന്ദ ശര്‍മയ്ക്ക് പുറമെ ഭൂപേന്ദ്ര സിംഗ് ഹൂഡ, മനീഷ് തിവാരി, രാജ് ബബ്ബാര്‍, വിവേക് താങ്ക എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക