ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി പ്രാദേശിക ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി. ദേശീയതലത്തിലല്ല പ്രാദേശിക തലത്തില്‍ മാത്രമാണ് നീക്കു പോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാവില്ലെന്നും എന്ന തരത്തിലാണ് ഹൈക്കമാന്‍ഡ് നേതൃത്വം അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത പി.സി അദ്ധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.
ഈ മാസം 25നകം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റഫേല്‍ വിഷയം മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി നിലനിര്‍ത്തണം. ഇടപാടിലെ തട്ടിപ്പുകള്‍ ജനങ്ങളോട് വിശദീകരിക്കണം. പ്രാദേശിക വിഷയങ്ങള്‍ മാറ്റി നിര്‍ത്തിക്കൊണ്ട് തന്നെ മോദി സര്‍ക്കാരിന്റെ അഴിമതി ചര്‍ച്ച ചെയ്യപ്പെടണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കുന്നതടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സഖ്യങ്ങളും അടവുനയവും സംബന്ധിച്ച് ഇന്ന് അവസാനിക്കുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും. സിറ്റിങ് സീറ്റുകളിലെങ്കിലും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ വേണം എന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.