സുധാകരനും സതീശനും മാറേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം; ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
national news
സുധാകരനും സതീശനും മാറേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം; ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2023, 7:23 pm

ദല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ മറുപടി. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ താരീഖ് അന്‍വര്‍ നിലപാട് അറിയിച്ചത്.

ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. കെ. സുധാകരനും വി.ഡി. സതീശനും താരീഖ് അന്‍വറിനുമൊപ്പം കൈ പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

കേസുകളുമായി ബന്ധപ്പെട്ട് കെ. സുധാകരനും വി.ഡി. സതീശനും ഇന്ന് ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയമറിയാമെന്നും കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നും നേതാക്കള്‍ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാത്രമല്ല, എല്ലാ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും സംസ്ഥാനത്ത് അന്വേഷണം വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു.

‘2001 മുതലുള്ള സുധാകരന്റെ സ്വത്ത് സമ്പാദനം അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ സ്വത്തുക്കളും അന്വേഷിക്കണം. ലോകം ഇന്ന് കൊണ്ട് അവസാനിക്കില്ലെന്നും ദേശീയ രാഷ്ടീയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതിരിക്കാന്‍ പിണറായി ശ്രമിക്കുകയാണ്,’ മുരളീധരന്‍ പറഞ്ഞു.

ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങിക്കാനായി 16 കോടി രൂപ പിരിച്ച് മുക്കിയെന്ന 2021ലെ പരാതിയിലാണ് കെ. സുധാകരനെതിരെ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കിയത്. കെ. സുധാകരന്റെ പഴയ ഡ്രൈവര്‍ പ്രശാന്ത് ബാബുവാണ് പരാതിക്കാരന്‍. സ്‌കൂള്‍ വാങ്ങാന്‍ നടത്തിയ നീക്കം വിവാദമായതോടെ ഉപേക്ഷിച്ചിരുന്നു. എജു പാര്‍ക്കെന്ന കമ്പനിയുടെ പേരിലേക്ക് വകമാറ്റിയ തുക വെട്ടിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

അതേസമയം, പണം കിട്ടിയാല്‍ സുധാകരന്‍ എന്തും ചെയ്യുമെന്നും വനം മന്ത്രിയായിരിക്കെ സുധാകരന്‍ ചന്ദനത്തൈലം കടത്തിയെന്നും പ്രശാന്ത് ബാബു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ‘അക്കാലത്ത് സുധാകരന്റെ ഡ്രൈവറായിരുന്ന ആള്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുധാകരന്റെ വരുമാന സ്രോതസുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നത് സുധാകരന്റെ ശൈലിയാണ്.

സുധാകരന്‍ ചന്ദനത്തൈലം കടത്തിയ കാര്യം അന്ന് താന്‍ എ.കെ. ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ എ.കെ. ആന്റണി തയ്യാറായില്ല. അന്ന് താന്‍ നിരാശനായിരുന്നു.

1994 മുതല്‍ കെ. സുധാകരനുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചതാണ്. കെ. സുധാകരന്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നപ്പോള്‍ ആഘോഷിച്ചവരായിരുന്നു തങ്ങള്‍. സുധാകരന്‍ വന്നത് പാര്‍ട്ടിക്ക് ഉണര്‍വും ഉന്മേഷവും നല്‍കുമെന്ന് കരുതി.

അദ്ദേഹത്തിന്റെ എല്ലാ വീക്ക്നെസും താന്‍ പറയുന്നില്ല. പണം കിട്ടിയാല്‍ അദ്ദേഹം എന്തും ചെയ്യും. താന്‍ നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന സമയത്ത് 175 കോടിയുടെ അഴിമതിക്ക് സുധാകരന്‍ ശ്രമിച്ചു. അന്ന് മുഖ്യമന്ത്രിക്ക് താന്‍ പരാതി നല്‍കിയിരുന്നു,’ പ്രശാന്ത് ബാബു പറഞ്ഞു.

Content Highlights: aicc supports kerala leaders who face police cases