| Monday, 8th June 2020, 6:56 pm

ബി.ജെ.പി മന്ത്രിയുടെ വീടിന് മുമ്പില്‍ കോണ്‍ഗ്രസിലെ പുതിയ താരോദയം രോഹന്‍ ഗുപ്ത; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശനിയാഴ്ചയും ഞായറാഴ്ചയും ട്വിറ്ററിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രധാനം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ തലവന്‍ രോഹന്‍ ഗുപ്ത ബി.ജെ.പി മന്ത്രിയുടെ വീടിന് മുമ്പില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയാണ്. ഗുജറാത്തില്‍ രാജ്യസഭ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രാജിയും മറ്റും നടക്കവേ നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ തലവനായിരുന്ന ഹോഹന്‍ ഗുപ്തയെ ബി.ജെ.പി മന്ത്രിയുടെ വീടിന് മുമ്പില്‍ കണ്ടതാണ് അഭ്യൂഹങ്ങള്‍ പെട്ടെന്ന് ഉടലെടുക്കാന്‍ കാരണമായത്.

ചര്‍ച്ചകള്‍ സജീവമായി നടക്കവേ പെട്ടെന്ന് തന്നെ വിശദീകരണവുമായി രോഹന്‍ ഗുപ്ത രംഗത്തെത്തി. താന്‍ അറിഞ്ഞു കൊണ്ടല്ല മന്ത്രിയുടെ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

‘എനിക്കറിയില്ലായിരുന്നു അത് ബി.ജെ.പി മന്ത്രിയുടെ വീടായിരുന്നുവെന്ന്. ഞാന്‍ അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി എന്റെ കാറിന് വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. ആ സമയത്തെത്തിയ പൊലീസ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതിനാല്‍ റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടു. അത് കൊണ്ട് ഞാന്‍ ഗേറ്റ് കടന്ന് ആ വീട്ടിലേക്ക് കയറി. അവിടെ എനിക്ക് ആരെയും കാണാനുണ്ടായിരുന്നില്ല. പൂര്‍ണ്ണമായും തെറ്റിക്കയറിയതാണ്’, രോഹന്‍ ഗുപ്ത പറഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന സമയത്താണ് രോഹന്‍ ഗുപ്ത ബി.ജെ.പി മന്ത്രിയുടെ വീടിന് മുമ്പിലെത്തിയത്.

കൊവിഡ് കാലത്ത് വിവിധ മേഖലകളിലെ പ്രമുഖരുമായി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് 7.5 കോടി ജനങ്ങളിലേക്കാണ് എത്തിയത്. 250 വീഡിയോ കോണ്‍ഫറന്‍സുകളാണ് രോഹന്‍ കോണ്‍ഗ്രസിന് വേണ്ടി ഇക്കാലയളവില്‍ നടത്തിയത്.

‘കഴിഞ്ഞ മൂന്ന് മാസത്തിനിടെ 250ലധികം വിര്‍ച്വല്‍ യോഗങ്ങളാണ് നടത്തിയത്. ഇത് പാര്‍ട്ടിയെ മുന്നോട്ട് പോവാന്‍ സഹായിച്ചിട്ടുണ്ട്. ‘സ്പീക്ക് അപ് ഇന്ത്യ’ എന്ന കോണ്‍ഗ്രസ് പ്രചരണം 20 കോടി ജനങ്ങളിലേക്കാണ് എത്തിയത്. മുതിര്‍ന്ന സാമ്പത്തിക വിദഗ്ദരുമായും മറ്റ് വിദഗ്ദരുമായും രാഹുല്‍ ഗാന്ധി നടത്തിയ അഭിമുഖങ്ങള്‍ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ 7.5 കോടി പേരാണ് കണ്ടത്. ബി.ജെ.പിയുടേതിനെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ക്ക് 30 ശതമാനം എന്‍ഗേജ്മെന്റ് കൂടുതലാണ്. അതിന്റെയെല്ലാം പിന്നില്‍ രോഹന്‍ ഗുപ്തയാണ്’, ഒരു കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹന്‍ ഗുപ്ത സ്ഥാനം ഏറ്റെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more