ന്യൂദല്‍ഹി: ശശി തരൂരിന് പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനം നല്‍കാന്‍ ശിപാര്‍ശ ചെയ്ത് കോണ്‍ഗ്രസ്. രാസവളം സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ് തരൂരിന്റെ പേര് എ.ഐ.സി.സി നിര്‍ദേശിച്ചത്.
ലോക്‌സഭയില്‍ കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയിലേക്കാണ് തരൂരിന്റെ പേര് പാര്‍ട്ടി നിര്‍ദേശിച്ചത്. നേരത്തെ ഐ.ടി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റിയിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് എ.ഐ.സി.സി തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഈ മാസം 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണം ശക്തമാക്കുകയാണ് ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഖാര്‍ഗെ പ്രചരണം നടത്തും. ഉത്തര്‍പ്രദേശില്‍ തന്നെയാണ് തരൂരിന്റെയും പ്രചാരണ പരിപാടികള്‍ നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ഖാര്‍ഗെയ്ക്ക് വലിയ പിന്തുണയും സ്വീകരണവുമാണ് പി.സി.സികള്‍ ഒരുക്കുന്നത്. അതേസമയം, തരൂരിനോടുളള പി.സി.സികളുടെ അവഗണന തുടരുകയാണ്.
എന്നാല്‍ ശശി തരൂരിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പിന്തുണ വര്‍ധിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഉള്‍പ്പടെ തരൂര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അതേസമയം, 17ന് നടക്കുന്ന എ.ഐ.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒറ്റ പോളിങ് സ്റ്റേഷന്‍ മാത്രമാണുള്ളത്. അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏക പോളിംഗ് സ്റ്റേഷന്‍ കെ.പി.സി.സി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19ന് വോട്ടെണ്ണലും നടക്കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. എ.ഐ.സി.സി ആസ്ഥാനവും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുളളത്.