| Thursday, 15th September 2022, 2:23 pm

കെ.പി.സി.സി പ്രസിഡന്റിനെയും ഭാരവാഹികളെയും സോണിയാ ഗാന്ധി തെരഞ്ഞെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തില്‍ നിന്നും എ.ഐ.സി.സി അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ പാര്‍ട്ടി ജനറല്‍ ബോഡി യോഗം ചുമതലപ്പെടുത്തി.

രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കള്‍ അംഗീകരിച്ചു. മത്സരമില്ലാതെ കെ സുധാകരന്‍ തന്നെ പ്രസിഡന്റായി തുടരാനാണ് നിലവിലെ ധാരണ. ദില്ലിയില്‍ നിന്നും വൈകാതെ സുധാകരന്റെയും ഭാരവാഹികളുടേയും പേര് സോണിയ ഗാന്ധി പ്രഖ്യാപിക്കും.

പുതുതായി തെരഞ്ഞെടുക്കെപ്പട്ട അംഗങ്ങളുടെ ആദ്യ ജനറല്‍ ബോഡിയോഗമാണ് ഇന്ന് നടന്നത്. റിട്ടേണിംഗ് ഓഫീസര്‍ ജി. പരമേശ്വരയുടെ നേതൃത്വത്തിലായിരുന്നു യോഗം.

282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി പാര്‍ട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങള്‍ ആണുള്ളത്. കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എ.ഐ.സി .സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയമാണ് യോഗത്തില്‍ ഇന്ന് പാസാക്കിയത്.

രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശന്‍, കെ. മുരളീധരന്‍, എം.എം. ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. ജോസഫ് എന്നിവര്‍ പിന്താങ്ങി. എ.ഐ.സി.സി അംഗങ്ങളെയും സോണിയ തീരുമാനിക്കും.

അതേസമയം, മത്സരം ഇല്ലാതെ കെ. സുധാകരന്‍ അധ്യക്ഷനായി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ, ഐ ഗ്രൂപ്പുകളും കെ.സി. വേണുഗോപാല്‍ പക്ഷവും തമ്മില്‍ സമവായത്തിന് ധാരണയില്‍ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കള്‍ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കള്‍ക്ക് ഉണ്ട്. എന്നാല്‍, ജോഡോ യാത്ര നടക്കുന്നതിനാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കള്‍ കെ.പി.സി.സി യോഗത്തിന് പോകുന്നതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

Content Highlight: AICC President Sonia Gandhi will Decide KPCC president

We use cookies to give you the best possible experience. Learn more