| Monday, 29th July 2024, 8:23 am

സ്വയം അഭിഷേകം ചെയ്യപ്പെട്ട നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയെ ബിരേന്‍ സിങ് മണിപ്പൂരിലേക്ക് ക്ഷണിച്ചോ?: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി അധ്യക്ഷന്‍ ജയറാം രമേശ്. നരേന്ദ്ര മോദി നേതൃത്വം നല്‍കിയ നിതി ആയോഗ് യോഗത്തിലും പാര്‍ട്ടി യോഗത്തിലും പങ്കെടുത്ത മുഖ്യമന്ത്രി മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചുവോയെന്ന് ജയറാം രമേശ് ചോദിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ചോദ്യം.

മണിപ്പൂരിലെ ജനങ്ങളും ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന ചോദ്യം ഇതാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. 2023 മെയ് മൂന്ന് മുതല്‍ കത്താന്‍ തുടങ്ങിയ മണിപ്പൂരിലെ അവസ്ഥയെ കുറിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പ്രത്യേകം ചര്‍ച്ച ചെയ്‌തോ എന്നായിരിക്കും ജനങ്ങള്‍ ചോദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘സ്വയം അഭിഷേകം ചെയ്യപ്പെട്ട നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ന്യൂദല്‍ഹിയില്‍ നടന്ന നിതി ആയോഗ് യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു. തുടര്‍ന്ന് അതേ ദേവന്റെ അധ്യക്ഷതയില്‍ നടന്ന ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലും മണിപ്പൂര്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു.

മണിപ്പൂരിലെ ജനങ്ങള്‍ ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്: 2023 മെയ് മൂന്ന് രാത്രി മുതല്‍ കത്താന്‍ തുടങ്ങിയ മണിപ്പൂരിലെ സ്ഥിതിഗതികള്‍ എന്‍. ബിരേന്‍ സിങ് നരേന്ദ്ര മോദിയെ പ്രത്യേകം കണ്ടുകൊണ്ട് ചര്‍ച്ച ചെയ്‌തോ? ഉക്രൈനിലേക്കുള്ള യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ബിരേന്‍ സിങ് നരേന്ദ്ര മോദിയെ ക്ഷണിച്ചോ?,’ എന്നാണ് ജയറാം രമേശ് പോസ്റ്റില്‍ കുറിച്ചത്.

അതേസമയം കേന്ദ്ര ബജറ്റിലെ അവഗണന ചൂണ്ടിക്കാട്ടി കേരളം, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മോദിയുടെ നേതൃത്വത്തില്‍ നടന്ന നിതി ആയോഗില്‍ നിന്ന് വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രതിനിധികള്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയിരുന്നു. മൈക്ക് ഓഫ് ചെയ്തുകൊണ്ടാണ് മമതയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത്.

Content Highlight: AICC President Jairam Ramesh criticized Narendra Modi and Manipur Chief Minister N. Biren Singh

Latest Stories

We use cookies to give you the best possible experience. Learn more