ഇംഫാല്‍: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും മൗനം വെടിയണമെന്ന് എ.ഐ.സി.സി നേതാവ് ഗിരീഷ് ചോദങ്കര്‍. മണിപ്പൂരില്‍ നടത്തേണ്ടത് രാഷ്ട്രീയപരമായ ഇടപെടലുകളല്ലെന്നും ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. മണിപ്പൂരിലെ കലാപം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ എ.ഐ.സി.സി രംഗത്തെത്തിയത്.
മണിപ്പൂര്‍ കലാപം ആരംഭിച്ചതിനുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് മൂന്ന് തവണ സന്ദര്‍ശിച്ചു. അദ്ദേഹത്തിന് കഴിയും വിധത്തില്‍ മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഗിരീഷ് ചോദങ്കര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കലാപം രൂക്ഷമാകാന്‍ പ്രധാനമന്ത്രി മനഃപൂര്‍വം സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനം നീട്ടിവെക്കുന്നതാണെന്നും എ.ഐ.സി.സി പറഞ്ഞു. മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും സംസ്ഥാനത്ത് സമാധാന അന്തരീക്ഷം കൊണ്ടുവരുന്നതിനായാണ് ശ്രമിക്കുന്നതെന്ന് തങ്ങള്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ഗവര്‍ണറെ ഉടനടി സ്ഥലം മാറ്റിയതില്‍ സംശയിക്കത്തക്ക വിഷയങ്ങളുണ്ടെന്നും ഗിരീഷ് ചോദങ്കര്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ ജനങ്ങള്‍ ഭയത്തിലൂടെയും ആശങ്കയിലൂടെയുമാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഒരു വാക്ക് പോലും പറയുന്നത് തങ്ങള്‍ കേട്ടിട്ടില്ലെന്നും എ.ഐ.സി.സി മണിപ്പൂര്‍ ഇന്‍ചാര്‍ജ് കൂടിയുള്ള ഗിരീഷ് ചോദങ്കര്‍ പറഞ്ഞു.
56 ഇഞ്ചുള്ള നെഞ്ചില്‍ അഭിമാനം കൊണ്ടിട്ടും ഒരു ചെറിയ സംസ്ഥാനത്തെ കുറിച്ച് സംസാരിക്കുന്നതില്‍ പ്രധാനമന്ത്രി സമയം കണ്ടെത്തുന്നില്ല. ഇനിയെങ്കിലും ആ സുവര്‍ണ മൗനം മോദി വെടിയണമെന്നും എ.ഐ.സി.സി നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ വിമത ഗ്രൂപ്പുകളെ അടിച്ചമര്‍ത്തണമെന്നും ഹൈടെക് ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉടന്‍ അന്വേഷണം ആരംഭിക്കണമെന്നും എ.ഐ.സി.സി നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം സന്ദര്‍ശിച്ചതിന് ശേഷം പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മണിപ്പൂരില്‍ താത്കാലികമായി സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെ മാറ്റണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിര്‍ത്തിവെച്ചത്.
ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് താത്കാലികമായി തടസപ്പെടുത്തിയത്. അഞ്ച് ദിവസത്തേക്കാണ് നടപടി. ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂവും തൗബാലില്‍ നിരോധന ഉത്തരവുകളും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിദ്വേഷ ചിത്രങ്ങള്‍, പ്രസംഗം, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് നിരോധിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
Content Highlight: AICC leader Girish Chodankar wants PM Narendra Modi to remain silent on Manipur issue