ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധ സൂചകമായി ഏകദിന നിരാഹാര സമരം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പുമായി എ.ഐ.സി.സി. സച്ചിന്‍ പൈലറ്റിന്റെ നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് എ.ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.
സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനമാണ്. സ്വന്തം സര്‍ക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യുന്നതിന് പകരം പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യണമെന്നും എ.ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു
വിഷയത്തില്‍ സച്ചിന്‍ പൈലറ്റുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് വക്താവ് സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞു.
‘ഞാന്‍ കഴിഞ്ഞ അഞ്ച് മാസമായി രാജസ്ഥാനില്‍ എ.ഐ.സി.സി ചുമതലയുള്ള ആളാണ്. പൈലറ്റ് ജി എന്നോട് ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവാണ്. ഒരു ചര്‍ച്ചക്കായി ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു,’ രണ്‍ധാവ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങില്‍ തന്നെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ അശോക് ഗെലോട്ടിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗെലോട്ടിന് കീഴില്‍ സംസ്ഥാനത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും, നാഴികക്കല്ലാകുന്ന ഇത്തരം നേട്ടങ്ങളെ മുന്‍നിര്‍ത്തിയാകും വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയെ വന്‍ വിജയമാക്കിയതിന് പിന്നില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും കാരണമായിട്ടുണ്ടെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുന്‍ ബി.ജെ.പി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഗെലോട്ട് സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി അധികാരത്തിലിരുന്ന കാലത്ത് തങ്ങള്‍ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഗെലോട്ട് സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നാണ് പൈലറ്റിന്റെ ആരോപണം.
Content Highlight: AICC has issued a warning to former Deputy Chief Minister Sachin Pilot, rajasthan congress