ന്യൂദല്‍ഹി: ഇസ്രഈലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ നെതന്യാഹു സര്‍ക്കാര്‍ നടത്തുന്ന വംശഹത്യക്കെതിരെയാണ് പ്രിയങ്ക ഗാന്ധി വിമര്‍ശനമുയര്‍ത്തിയത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പ്രിയങ്കയുടെ വിമര്‍ശനം.
ഇസ്രഈലിനെ നിയന്ത്രിക്കാന്‍ ലോകത്തിലെ ഓരോ വ്യക്തിക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനിടെ, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസയിലെ സൈനിക നടപടിയെ ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.
നെതന്യാഹുവിന്റെ യു.എസ് സന്ദര്‍ശനത്തെ തുടര്‍ന്ന് അമേരിക്കയില്‍ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. എന്നിരുന്നിട്ടും ഇസ്രഈല്‍ പ്രധാനമന്ത്രിക്ക് അമേരിക്കയില്‍ പ്രശംസ പിടിച്ചുപറ്റാന്‍ സാധിച്ചുവെന്നാണ് പ്രിയങ്ക പറഞ്ഞത്.
ഇസ്രഈലിനെ പിന്തുണക്കുന്ന തീരുമാനത്തില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്മാറണമെന്നും പ്രിയങ്ക പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ തീരുമാനം സ്വീകാര്യമല്ല. ഇസ്രഈലിന്റെ സൈനികാക്രമണത്തെ തുടര്‍ന്ന് കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുവീഴുകയാണെന്ന് മാത്രം പറഞ്ഞാല്‍ പോരാ. ഇസ്രഈലിനെ നിയന്ത്രിക്കാന്‍ തങ്ങളുടെ ഭാഗത്ത് എന്തധികാരമാണോ ഉള്ളത് അത് സര്‍ക്കാരുകള്‍ ഉപയോഗിക്കണമെന്നും പ്രിയങ്ക പറയുകയുണ്ടായി.
‘നെതന്യാഹുവിന്റെ നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. നെതന്യാഹുവിന്റേത് പ്രാകൃത സര്‍ക്കാരാണ്. അങ്ങനെയുള്ള ഒരു സര്‍ക്കാരിനാണ് ലോകരാഷ്ട്രങ്ങള്‍ നിരുപാധികം പിന്തുണ നല്‍കുന്നത്. യു.എസ് കോണ്‍ഗ്രസില്‍ നെതന്യാഹുവിന് കിട്ടിയ കയ്യടികള്‍ തുറന്നുകാണിക്കുന്നത് നാഗരികതയും പ്രാകൃതവും തമ്മിലുള്ള വ്യത്യാസത്തെയുമാണ്,’ പ്രിയങ്ക പറഞ്ഞു.
ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ കോണ്‍ഗ്രസ് ഇസ്രഈലിനും നെതന്യാഹുവിനുമെതിരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട് വളച്ചൊടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇസ്രഈലിന് നിലവില്‍ പിന്തുണ നല്‍കുന്നത്.
Content Highlight: AICC General Secretary Priyanka Gandhi strongly criticized Israel