ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടം വല്ലാതെ വിസ്മയിപ്പിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യാത്രയെ അപകീര്‍ത്തിപ്പെടുത്താനും തളര്‍ത്താനുമുള്ള വിഫലശ്രമങ്ങളില്‍ ഏര്‍പ്പെട്ട് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും തളരുന്ന കാഴ്ചയ്ക്കാണ് ഇന്ത്യയിന്ന് സാക്ഷ്യം വഹിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
‘പഞ്ചാബ്, പേരുകേട്ടാല്‍ ഓര്‍മ വരുന്നത് വര്‍ണശബളമായ തലപ്പാവുകള്‍ ധരിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന അന്നാട്ടിലെ മനുഷ്യരെയാണ്. പിന്നെ അവരൊന്നിച്ച് ചേര്‍ന്ന് മാനവികതയുടെ സന്ദേശം രാജ്യത്തിന് മുന്നില്‍വെച്ച അനേകം ഗുരുദ്വാരകളും. സിഖ് മതാനുയായികളുടെ പ്രധാന പ്രാര്‍ത്ഥനാകേന്ദ്രങ്ങളാണ് ഗുരുദ്വാരകളെങ്കില്‍ മറ്റ് മനുഷ്യര്‍ക്ക് അത് ആശ്രയവും അത്താണിയുമാണ്. മനുഷ്യരെയാകെ പരസ്പരം സ്‌നേഹിക്കാന്‍ പ്രചോദനമേകുന്നൊരിടം. മനോഹരമായ കാഴ്ചകളില്‍ ജീവിക്കുകയാണ് ഈ ദിവസങ്ങളില്‍.
കന്യാകുമാരിയില്‍ നിന്നും കേരളം തൊട്ട, കര്‍ണാടകവും രാജസ്ഥാനുമൊക്കെ കടന്ന യാത്രയുടെ വൈവിധ്യം നിറഞ്ഞ അനുഭവങ്ങളില്‍ ഏറ്റവും പുതുതാണ് പഞ്ചാബിലേത്. ഭാരത് ജോഡോ യാത്രയുടെ ചുവടുകള്‍ ഇപ്പോള്‍ ഗോതമ്പുപാടങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന, ഗുരുദ്വാരകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സൗന്ദര്യവും സമാധാനവും നിറഞ്ഞ് തുളുമ്പുന്ന പഞ്ചാബിന്റെ മണ്ണിലാണ്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.