തിരുവനന്തപുരം: മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ രോഷവും പരിഹാസവും എ.കെ. ആന്റണിയോട് തീര്‍ക്കരുതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ബി.ജെ.പിയിലേക്ക് പോകാനുള്ള വിഡ്ഢിത്തം നിറഞ്ഞ തീരുമാനം അനിലിന്റേത് മാത്രമാണെന്നും, അതിന് എ.കെ. ആന്റണിയെ ഓഡിറ്റ് ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ആന്റണിയുടെ രാഷ്ട്രീയ ജിവിതത്തിന്റെ നാള്‍വഴികള്‍ എടുത്തുപറഞ്ഞ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം.
സംശുദ്ധമായ തന്റെ വ്യക്തിജീവിതവും തെളിമയുള്ള തന്റെ രാഷ്ട്രീയ ജീവിതവും സ്വായത്തമാക്കിയതിന്റെ തുടര്‍ച്ചയായിരുന്നു ആന്റണിയെ തേടിയെത്തിയ സ്ഥാനമാനങ്ങള്‍ ഓരോന്നെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ആന്റണി എല്ലായ്‌പ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള മനുഷ്യനാണെന്നും ആര് മറന്നാലും കോണ്‍ഗ്രസുകാരന്‍ ആന്റണിയെ മറക്കരുതെന്നും കെ.സി.വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘എനിക്ക് 82 വയസായി. ഇനി എത്രനാള്‍ ജീവിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസിന് താത്പര്യവുമില്ല. പക്ഷേ എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് വരെ ഇന്ത്യന്‍ നാഷ്‌നന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കും.’
ഇന്നലെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാകും എ.കെ. ആന്റണി എന്ന മനുഷ്യന്‍ മാധ്യമങ്ങളോട് സംസാരിച്ച് വാക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാവുക. ഇത്രകാലവും താന്‍ നടത്തിയ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒരു പരിചപോലെ മുന്‍പില്‍ വെയ്ക്കാതെ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി എ.കെ. ആന്റണി മാറിയിരുന്നു. കാലം ആ മനുഷ്യനോട് ചെയ്ത അനീതിയായിരുന്നു ഇന്നലത്തെ ദിവസം. അങ്ങനെയൊരു ദിവസം അടിമുടി കോണ്‍ഗ്രസുകാരനായ ആന്റണി അര്‍ഹിക്കുന്നില്ല. അത്രത്തോളം സുതാര്യതയും വിശുദ്ധിയും അദ്ദേഹം തന്റെ രാഷ്ട്രീയക്കുപ്പായത്തിന് നല്‍കിയതിന് ചരിത്രം സാക്ഷിയാണ്.
എ.കെ. ആന്റണി എന്ന പേരില്‍ വട്ടം കറങ്ങിയ കാലമുണ്ടായിരുന്നു കേരളാ രാഷ്ട്രീയത്തിന്. ഗുവാഹത്തി എ.ഐ.സി.സിയില്‍ സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയെ വരെ വിമര്‍ശിക്കാന്‍ മടി കാണിക്കാതിരുന്നിട്ടുണ്ട് ആന്റണിയിലെ യൗവനം. റഫാലില്‍ കമ്മീഷന്‍ ആരോപണം ഉയര്‍ന്നയുടന്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആന്റണിയിലെ പ്രതിരോധ മന്ത്രിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നിരുന്നില്ല. ഇങ്ങനെ എ.കെ. ആന്റണി എന്ന മനുഷ്യന് മാത്രം കഴിഞ്ഞിരുന്ന ചിലതുണ്ട് രാഷ്ട്രീയത്തില്‍, ഒരുപക്ഷേ ജീവിതത്തിലും.
ഇത്രയും കാലത്തെ അധികാരവും ഉന്നതപദവികളും എ.കെ. ആന്റണിക്ക് എപ്പോഴും ധരിക്കുന്ന തൂവെള്ളമുണ്ടിലെന്ന പോലെ കറ പുരളാത്തതാണ്. അതുകൊണ്ടാണ് സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും മലയാളികളുടെ മനസില്‍ ആ പഴയ ആന്റണി ഇന്നുമുള്ളത്.
എല്ലായ്‌പ്പോഴും ആ മനുഷ്യന്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. കത്തിക്കയറുന്ന പ്രസംഗങ്ങളുടെയോ മത-സാമുദായിക സംഘടനകളുടെ പിന്‍ബലത്തിലോ ഒന്നും വളര്‍ന്നതായിരുന്നില്ല എ.കെ. ആന്റണിയെന്ന വടവൃക്ഷം. കഠിനാധ്വാനത്തില്‍ തുടങ്ങി ആദര്‍ശത്തില്‍ അവസാനിക്കുന്നതെന്തോ, അതായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. അതിന്റെ ചുവട്ടില്‍ തണല്‍ പറ്റി കേരളത്തിന്റെ കോണ്‍ഗ്രസും വളര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ ഒമ്പത് എം.എല്‍.എമാരിലേക്ക് തകര്‍ന്നടിഞ്ഞ, 1967-ലെ കോണ്‍ഗ്രസിനെ കോണ്‍ഗ്രസുകാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. കെ. കരുണാകരനൊപ്പം കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുകൊണ്ട് വന്ന് ഭരണത്തിലേക്ക് നയിച്ച യൂത്ത് കോണ്‍ഗ്രസുകാരന്‍ ആന്റണിയെ ആര് മറന്നാലും കോണ്‍ഗ്രസുകാര്‍ മറക്കരുത്. അത്രയധികം അനുഭവങ്ങളുടെ കലവറ ആ മനുഷ്യനിലുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം.
ആന്റണിയുടെ പേരില്‍ ആന്റണിക്ക് മാത്രം സാധ്യമായ ചിലതുണ്ട്. യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കവേ 1970-ലാണ് ആന്റണി ആദ്യമായി എം.എല്‍.എ. ആകുന്നത്. 1977-ല്‍ 37-ാം വയസില്‍ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി. വീണ്ടും രണ്ടുതവണകൂടി മുഖ്യമന്ത്രിക്കസേര തേടിയെത്തി. 10 വര്‍ഷം പി.സി.സി. അധ്യക്ഷന്‍, കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പി.സി.സി. പ്രസിഡന്റ്, അഞ്ചുതവണ എം.എല്‍.എ, മൂന്നുതവണ കേന്ദ്രമന്ത്രി, അഞ്ചുതവണ രാജ്യസഭാംഗം, ഏറ്റവും കൂടുതല്‍കാലം പ്രതിരോധമന്ത്രി, ഏറ്റവുമേറെക്കാലം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം. ഇതൊന്നും വെറുതെ കൈവെള്ളയില്‍ ലഭിച്ചതായിരുന്നില്ല.
സംശുദ്ധമായ തന്റെ വ്യക്തിജീവിതവും തെളിമയുള്ള തന്റെ രാഷ്ട്രീയ ജീവിതവും സ്വായത്തമാക്കിയതിന്റെ തുടര്‍ച്ചയായിരുന്നു ആന്റണിയെ തേടിയെത്തിയ സ്ഥാനമാനങ്ങള്‍ ഓരോന്നും.
തനിക്ക് ലഭിച്ച സ്ഥാനങ്ങളില്‍ ആന്റണി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ വാദങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. വി.കെ കൃഷ്ണമേനോന്‍, വൈ.ബി ചവാന്‍, ജഗ്ജീവന്‍ റാം തുടങ്ങി രാഷ്ട്രീയത്തിലെ പ്രഗല്‍ഭര്‍ ഇരുന്നതാണ് പ്രതിരോധമന്ത്രിക്കസേര.
അവിടെയാണ് അധികം സംസാരിക്കാത്ത ആന്റണി ഏറ്റവും കൂടുതല്‍ കാലമിരുന്നത്. അതിര്‍ത്തിയില്‍ റോഡ് വികസനമടക്കമുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു. റഫാല്‍ യുദ്ധവിമാനങ്ങളും അത്യാധുനിക ആയുധങ്ങളും വാങ്ങാനുള്ള കരാറുകള്‍ക്ക് പച്ചക്കൊടി കാട്ടി. യുദ്ധം ജയിക്കലല്ല, ഒഴിവാക്കലാണ് വിജയം എന്ന നയമായിരുന്നു ആന്റണിയുടേത്. വിക്കിലീക്ക്സ് വിവാദരേഖകളില്‍ ദല്‍ഹിയിലെ അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്കയച്ച കുറിപ്പുകളില്‍ പറയുന്നത് ആന്റണിയെ കൈകാര്യംചെയ്യുക എളുപ്പമല്ലെന്നാണ്.
ഇവിടെ നമുക്ക് പഠിക്കാനുള്ള ഒരു സര്‍വകലാശാല തുറന്നുവെയ്ക്കുന്നുണ്ട് അദ്ദേഹം. 37 വയസ് തികയുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പദവികളിലൊന്ന് ജനാധിപത്യപരമായി നേടിയെടുത്ത വ്യക്തിയെ ആരോപണങ്ങളുടെ ഏതെങ്കിലും കോണില്‍ നമ്മള്‍ കണ്ടിട്ടുണ്ടോ? എന്നെങ്കിലും സംശുദ്ധമായ ആ കൈകളില്‍ അഴിമതിയുടെ കറ പുരളുന്നതിന് ഈ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടോ? ഈ രാജ്യത്തെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലൊന്നായ പ്രതിരോധ മന്ത്രിസ്ഥാനം മാതൃകാപരമായി അദ്ദേഹം കൈകാര്യം ചെയ്തതിന് കൂടുതല്‍ സാക്ഷ്യങ്ങള്‍ വേണമെന്ന് തോന്നുന്നില്ല.
ഈ ആന്റണിയെയാണ്, കോണ്‍ഗ്രസിന്റെ ചരിത്രത്തിന് ഒരുകാലവും വിസ്മരിക്കാന്‍ കഴിയാത്ത ആന്റണിയെയാണ് ഇന്ന് ഒരു കൂട്ടര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിചാരണയ്ക്ക് വിധേയനാക്കുന്നത്, അദ്ദേഹത്തിന് നേര്‍ക്കാണ് ഇന്നവര്‍ കല്ലുകളെറിയുന്നത്. വൈകാരികമായി സംഭവിക്കുന്നവയുമുണ്ടാകാം. അതുപക്ഷേ ആന്റണി എന്ന കോണ്‍ഗ്രസുകാരനോടാവുമ്പോള്‍ മാപ്പില്ലാത്ത അനീതിയാവും. ആ മനുഷ്യനൊരു തുറന്ന പുസ്തകമാണ്. അത് വായിച്ചുപഠിക്കേണ്ടതുണ്ട് കല്ലെറിയുന്നവര്‍. അത്രകണ്ട് വിശുദ്ധി നിങ്ങള്‍ മറ്റെവിടെയെങ്കിലും കാണുമോ എന്നുപോലും അറിയില്ല.
ഇവിടെ വിഷയം അനില്‍ ആന്റണിയാണ്. എ.കെ. ആന്റണി എന്ന രാഷ്ട്രീയ നേതാവിന് ശ്രമിച്ചിരുന്നെങ്കില്‍ മികച്ച സ്ഥാനത്ത് തന്റെ മക്കളെ എത്തിക്കാമായിരുന്നു. അതുണ്ടായിട്ടില്ല. അനില്‍ തന്റെ കരിയര്‍ സ്വയം കണ്ടെത്തിയതാണ്, അതുവഴി ഏത്തപ്പെട്ട പദവികളാണ് ഓരോന്നും. ബി.ജെ.പിയിലേക്ക് പോകാനുള്ള വിഡ്ഢിത്തം നിറഞ്ഞ തീരുമാനവും അനിലിന്റേത് മാത്രമാണ്. സ്വന്തം മകന്റെ രാഷ്ട്രീയ തീരുമാനത്തെ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ആര്‍ക്കെങ്കിലും തള്ളിക്കളയാന്‍ കഴിയുമെങ്കില്‍ അവിടെയും ഉത്തരം എ.കെ. ആന്റണി എന്നാണ്.
അനിലിന്റെ തീരുമാനം അയാളുടെ വിധി മാത്രമാണ്. അതവിടെ തീരട്ടെ. അതിലുള്ള രോഷവും പരിഹാസവും തീര്‍ക്കേണ്ടത് എ.കെ. ആന്റണിയോട് അനീതി പ്രവര്‍ത്തിച്ചുകൊണ്ടാവരുത്.
AICC General Secretary K.C. Venugopal said About A.K Antony