| Wednesday, 28th February 2024, 3:33 pm

2022ല്‍ മോദിയെ ഹിമാചല്‍ നിരസിച്ചതാണ്; പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പിന്‍വാതിലിലൂടെ ഹിമാചല്‍ പ്രദേശില്‍ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രാജ്യസഭ തെരഞ്ഞെടുപ്പിനിടയില്‍ കൂറുമാറിയ എം.എല്‍.എമാരോട് എ.ഐ.സി.സി നേതൃത്വം ഉടനെ സംസാരിക്കുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് വക്താക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമായിരിക്കും എം.എല്‍.എമാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2022ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിമാചല്‍ പ്രദേശ് നിരസിച്ചതാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ അട്ടിമറി സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് രാജിവെക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തി.

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത ആറ് എം.എല്‍.എമാരെ കോണ്‍ഗ്രസ് അയോഗ്യരാക്കാനൊരുങ്ങിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂറുമാറിയ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കറെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഹിമാചല്‍ പ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെ പാര്‍ട്ടിയുടെ 15 എം.എല്‍.എമാരെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ സസ്പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള ബി.ജെ.പിയുടെ 15 എം.എല്‍.എമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്‍ഗ്രസില്‍ മുസ്‌ലിം എം.എല്‍.എമാര്‍ മാത്രമേ ബാക്കിയുണ്ടാകുകയുള്ളൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറയുകയുണ്ടായി. ചില മുസ്‌ലിം എം.എല്‍.എമാര്‍ ഒഴികെ കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് വരുമെന്നും ഹിമന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു.

Content Highlight: AICC General Secretary Jairam Ramesh said that BJP is trying to seize power in Himachal Pradesh through the back door

We use cookies to give you the best possible experience. Learn more