ആര്‍.എസ്.എസ് തളളികളഞ്ഞ ദേശീയ ചിഹ്നത്തെ തട്ടിയെടുക്കാനാണ് മോദി ശ്രമിക്കുന്നത്: ജയറാം രമേശ്
national news
ആര്‍.എസ്.എസ് തളളികളഞ്ഞ ദേശീയ ചിഹ്നത്തെ തട്ടിയെടുക്കാനാണ് മോദി ശ്രമിക്കുന്നത്: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 7:16 pm
ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനെതിരെ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും ആരംഭിച്ച ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഇന്ത്യയുടെ നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി വീണ്ടും ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണെന്നാണ് ജയറാം രമേശ് പറഞ്ഞത്. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസും ദേശീയ ചിഹ്നമായ ത്രിവര്‍ണ പതാകയും തമ്മിലുള്ള ബന്ധത്തെ പരാമര്‍ശിച്ചാണ് വിമര്‍ശനം.

ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി സ്വീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ ആര്‍.എസ്.എസിന്റെ രണ്ടാമത്തെ തലവന്‍ എം.എസ്. ഗോള്‍വാള്‍ക്കര്‍ വര്‍ഗീയത എന്നാണ് വിശേപ്പിച്ചത്. ഗോള്‍വാള്‍ക്കറുടെ പുസ്തകമായ ‘ബഞ്ച് ഓഫ് തോട്ട്സില്‍’ ഇക്കാര്യം പറയുന്നതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനെതിരെ ജയറാം രമേശ് രംഗത്തെത്തിയത്.

1947ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍, ത്രിവര്‍ണ പതാകയെ ഹിന്ദുക്കള്‍ ഒരിക്കലും അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യില്ലെന്ന് എഴുതിയിരുന്നു. ‘മൂന്ന് എന്ന വാക്കില്‍ തന്നെ ഒരു തിന്മയുണ്ട്. ത്രിവര്‍ണ പതാക വളരെ മോശമായ മാനസിക പ്രത്യാഘാതം ഉണ്ടാക്കും. അത് രാജ്യത്തിന് ഹാനികരവുമാണ്,’ എന്ന ഓര്‍ഗനൈസര്‍ എഴുതിയിരുന്നതായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

2015ല്‍ ത്രിവര്‍ണ പതാകയിലെ മറ്റു നിറങ്ങള്‍ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ ദേശീയ പതാകയില്‍ കാവി നിറം മാത്രമാണ് ഉണ്ടാകേണ്ടതെന്നും ആര്‍.എസ്.എസ് പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

2001 വരെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നില്ല. അതിന്റെ പരിസരങ്ങളില്‍ മൂന്ന് യുവാക്കള്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കെതിരെ ആര്‍.എസ്.എസ് പരാതി നല്‍കി. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത സംഭവവും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ് വര്‍ഷങ്ങളായി നിരസിച്ച ഇന്ത്യന്‍ ചരിത്രത്തെയും ചിഹ്നത്തെയും തട്ടിയെടുക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാല്‍ അതിനുള്ള യോഗ്യത മോദിക്കും ആര്‍.എസ്.എസിനുമില്ല. ആര്‍.എസ്.എസ് പങ്കെടുക്കാന്‍ വിസമ്മതിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷികം ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആഘോഷിക്കുന്ന അതേ ദിവസമാണ് മോദി ഈ തട്ടിപ്പ് തുടങ്ങിയതെന്നും ജയറാം രമേശ് പറഞ്ഞു.

Content Highlight: AICC General Secretary Jairam Ramesh against the Har Ghar Tiranga campaign