ഓണ്‍ലൈന്‍ കോമഡി പ്രോഗ്രാമായ “ഓള്‍ ഇന്ത്യ ബക്‌ചോദ്” വിവാദം കൊണ്ടാടുന്ന മാധ്യമ നിലപാടുകള്‍ക്കെതിരെ ബോളിവുഡ് താരം വരുണ്‍ ധവാന്‍. മാധ്യമങ്ങള്‍ വിവാദം അവസാനിപ്പിക്കണമെന്നും പകരം സമൂഹത്തില്‍ നില നില്‍ക്കുന്ന അഴിമതി, പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് താരം പറയുന്നത്.
വീഡിയോ പുറത്ത് വന്നതിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന തന്റെ സൃഹൃത്തുക്കള്‍ വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഇപ്പോള്‍ അവര്‍ക്ക് പോലീസ് സംരക്ഷണം വരെ ആവശ്യമായിരിക്കുകയാണെന്നും അതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും വരുണ്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
“ബദലാപൂര്‍” എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. നവാസുദ്ദീന്‍ സിദ്ദീഖി ഹുമ ഖുറൈശി തുടങ്ങിവര്‍ വേഷമിടുന്ന ചിത്രം ഫെബ്രുവരി 20നാണ് തിയറ്ററുകളില്‍ എത്തുക.
നേരത്തെ ജനുവരി 28നായിരുന്നു “ഓള്‍ ഇന്ത്യ ബക്‌ചോദ്” എന്ന കോമഡി ഷോയുടെ ഭാഗമായുള്ള വീഡിയോ പുറത്ത് വിട്ടിരുന്നത്. സംവിധായകന്‍ കരണ്‍ ജോഹര്‍, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ താരങ്ങളായിരുന്നു വീഡിയോ പുറത്ത് വന്നതിലൂടെ വിവാദത്തില്‍ അകപ്പെട്ടിരുന്നത്.