സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല: എ.ഐ.എ.ഡി.എം.കെ
national news
സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല: എ.ഐ.എ.ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2024, 3:42 pm

ചെന്നൈ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ).

തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിനായി പാര്‍ട്ടി പല പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി വരികയാണെന്നും കൃത്യമായ സമയത്ത് ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും എ.ഐ.എ.ഡി.എം.കെ നേതാവ് ജയകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയേക്കാള്‍ തനിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ജയകുമാര്‍ കുറ്റപ്പെടുത്തി.

ഏതാനും വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനായി ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് അണ്ണാമലൈ പ്രസ്താവനകള്‍ നടത്തുന്നതെന്നും എന്നാല്‍ ഈ തന്ത്രം പ്രാവര്‍ത്തികമാവില്ലെന്നും ജയകുമാര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

എ.ഐ.എ.ഡി.എംകെയുടെ സീറ്റ് വിഭജന സമിതിയും പൊതു തെരഞ്ഞെടുപ്പിനായി രൂപീകരിച്ച തെരഞ്ഞെടുപ്പ് പ്രചരണ സമിതിയും തിങ്കളാഴ്ച ആദ്യമായി യോഗം ചേര്‍ന്നിരുന്നു. യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് എ.ഐ.എ.ഡി.എം.കെയുടെ ഈ തീരുമാനം.

ഓഗസ്റ്റില്‍ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിക്കുകയും എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു. രണ്ട് കോടിയിലധികം വരുന്ന തങ്ങളുടെ പ്രവര്‍ത്തകരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും മാനിച്ചുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈയെക്കുറിച്ചുള്ള അണ്ണാമലൈയുടെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.

1949ല്‍ അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിക്കുകയും 1967ല്‍ തമിഴ്നാട്ടില്‍ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 1972ല്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപിക്കുകയും പാര്‍ട്ടിക്ക് അണ്ണാദുരൈയുടെ പേര് നല്‍കുകയും ചെയ്ത എം.ജി. രാമചന്ദ്രന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായിരുന്നു സി.എന്‍. അണ്ണാദുരൈ.

Content Highlight: AIADMK will not form an alliance with BJP in the Lok Sabha elections