ചെന്നൈ: എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എംപി എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവെച്ചു. കാവേരി നദീജല വിഷയത്തിലെ കേന്ദ്രസര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ചാണ് രാജി. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം താന്‍ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. രാജിക്കത്ത് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന് കൈമാറിയിട്ടുണ്ട്.
അതേസമയം, ഉചിതമായ രീതിയിലല്ലാ രാജിക്കത്തെന്നതിനാല്‍, അത് നിരസിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഗതിയില്‍ രാജിയുടെ കാരണം വ്യക്തമായി ഒരു വരിയിലായിരിക്കണം എന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ മുത്തുകറുപ്പന്‍ നല്‍കിയിട്ടുള്ളത് രണ്ട് പേജുവരുന്ന കത്താണ്. 2022 വരെയാണ് അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നത്.
തമിഴ്നാട്ടിലെ എല്ലാ എം.പിമാരും തന്റെ പാത പിന്തുടരണമെന്ന് രാജിവച്ചതിന് ശേഷം മുത്തുകറുപ്പന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെ കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. പ്രതിപക്ഷ കക്ഷികള്‍ ഈ മാസം അഞ്ചിന് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.