| Thursday, 17th August 2017, 7:50 am

നരേന്ദ്രമോദിയെ വിമര്‍ശിച്ച കവിത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു: മോദി 'പേന തട്ടിപ്പറിച്ചെന്ന്' മാധ്യമപ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി. എ.ഐ.എ.ഡി.എം.കെ മുഖപത്രമായ നമുതു എം.ജി.ആറിന്റെ എഡിറ്റര്‍ ആയ മരുതു അളകുരാജിനെയാണ് പുറത്താക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തമിഴ്‌നാട്ടിലെ ഇ.പി.എസ് സര്‍ക്കാറിനെയും കുറിച്ചുള്ള കവിതയുടെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് അളകരാജ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവത്തിനുശേഷം പ്രധാനമന്ത്രി തന്റെ “പേന തട്ടിപ്പറിക്കുകയാണെന്ന്” പറഞ്ഞ അളകരാജ് “ഒരു സ്വേച്ഛാധികാരത്തിനും തന്നെ തടയാനാവില്ല” എന്നും വ്യക്തമാക്കി.


Must Read:‘അന്ന് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവര്‍ ഇന്ന് രാജ്യത്തിന്റെ അടിവേര് മാന്തുന്നു’; ദൂരദര്‍ശനും ആകാശവാണിയും സംപ്രേഷണം ചെയ്യാതിരുന്ന മണിക് സര്‍ക്കാരിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം


ചിത്രഗുപ്തന്‍ എന്ന തൂലികാനാമത്തില്‍ ശനിയാഴ്ചത്തെ എഡിഷനില്‍ അളകരാജിന്റെ ഒരു കവിത വന്നിരുന്നു. ഈ കവിതയുടെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. “കാവി അടി, കഴകത്തെ അഴി” (കാവി പൂശി, കഴക്കത്തെ നശിപ്പിച്ചു) എന്നു തുടങ്ങുന്ന കവിത ബി.ജെ.പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ രാഷ്ട്രീയ ഏജന്റുകളായി ഉപയോഗിക്കുകയും നിയമം നടപ്പിലാക്കുന്ന സംവിധാനങ്ങളെ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നതായി കവിതയില്‍ പരാമര്‍ശിച്ചിരുന്നു. ഈ കവിത പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്തുനിന്നും പിരിച്ചുവിട്ടത്.

നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കുമെതിരെയുള്ള വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അമിത്ഷായുടെ സ്വത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനില്‍ നിന്നും ഡി.എന്‍.എയുടെയും സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തയും വെബ്‌സൈറ്റുകളില്‍ നിന്നും പിന്‍വലിപ്പിച്ചിരുന്നു. ബികോം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സമൃതി ഇറാനി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം.

We use cookies to give you the best possible experience. Learn more