ചെന്നൈ: നടന്മാരായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒരുമിച്ചേക്കും എന്ന വാര്‍ത്തകള്‍ സജീവമാകവെ ഇരുവര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന പ്രതികരണവുമായി എ.ഐ.എ.ഡി.എം.കെ. നിലവിലെ മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി ഇപ്പോഴും അധികാരത്തില്‍ തുടരുന്നത് ഒരു അത്ഭുതമാണെന്ന രജനീകാന്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭരണകക്ഷി നേതാക്കള്‍.
സ്ഥാപക നേതാവ് എ.ജി രാമചന്ദ്രനും അമ്മ ജയലളിതയും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ശക്തമായ പ്രവര്‍ത്തക അടിത്തറയിലാണ് എ.ഐ.എ.ഡി.എം.കെ നില്‍ക്കുന്നത്. ആരൊക്കെ കൈചേര്‍ത്താലും ഞങ്ങളതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പറഞ്ഞു.
ഒരു പൂജ്യവും മറ്റൊരു പൂജ്യവും ചേര്‍ന്നാല്‍ എന്തുണ്ടാവും. പൂജ്യം തന്നെ. ഇനി അവര്‍ വിജയുമായി വന്നാല്‍ തന്നെയും അങ്ങനെ തന്നെയായിരിക്കും എന്നാണ് മന്ത്രി ഡി.ജയകുമാറിന്റെ പ്രതികരണം.
അതേ സമയം വേണ്ട സമയത്ത് തങ്ങള്‍ ഒരുമിക്കുമെന്നാണ് കമല്‍ഹാസന്റെ പ്രതികരണം. രജനീകാന്ത് മക്കള്‍ നീതി മയ്യത്തില്‍ ചേരില്ല. പകരം തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യുക എന്നും കമല്‍ഹാസന്‍ പറഞ്ഞു.