MK Stalin
എ.ഐ.എ.ഡി.എം.കെ ഡി.എം.കെയുടെ ശത്രു; ഇന്ത്യമുന്നണിയുടെയും ജനങ്ങളുടെയും ശത്രു ബി.ജെപി: എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 11, 02:24 am
Thursday, 11th April 2024, 7:54 am

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഡി.എം.കെയുടെ തെരഞ്ഞെടുപ്പിലെ ശത്രുമാത്രമാണെന്നും എന്നാല്‍ ബി.ജെ.പി പ്രത്യയ ശാസ്ത്രപരമായി ഇന്ത്യമുന്നണിയുടെയും ജനങ്ങളുടെയും ശത്രുവാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്ഥാനം സംരക്ഷിക്കാനാണ് എടപ്പാടി പളനിസാമി ബി.ജെ.പി സര്‍ക്കാറിന്റെ എല്ലാ വഞ്ചനക്കും കൂട്ടുനിന്നതെന്നും ഇപ്പോള്‍ രണ്ട് സഖ്യങ്ങളായി മത്സരിക്കുന്ന ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ജനവിരുദ്ധ സഖ്യങ്ങളാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാടിന്റെ മണ്ണ് സാമുദായിക സൗഹാര്‍ദത്തിന്റേതാണെന്നും ഇവിടെ വര്‍ഗീയ രാഷ്ട്രീയം വളര്‍ത്തി നേട്ടമുണ്ടാക്കുന്ന ബി.ജെ.പിക്ക് സ്ഥാനമുണ്ടാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ബി.ജെ.പിക്ക് എതിരായ ഒരു സാഹചര്യമാണ് തമിഴ്‌നാട്ടില്‍ എല്ലായിപ്പോഴുമുള്ളത്. ഈ സന്ദേശം ഇന്ത്യയില്‍ എല്ലായിടത്തും എത്തിക്കാനും, സാമുദായിക സൗഹാര്‍ദം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ നാടായി ഇന്ത്യയെ മാറ്റാനുമുള്ള ശ്രമം ഇന്ത്യ മുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകും. അതിന് വേണ്ടി സംഭാവന നല്‍കാന്‍ ഡി.എം.കെക്ക് സാധിക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡി.എം.കെയുടെ നേതൃത്വത്തില്‍ ഇന്ത്യമുന്നണിക്ക് സമ്പൂര്‍ണ വിജയമുണ്ടാകുമെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു

‘കര്‍ഷകവിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍, പൗരത്വഭേതഗദി നിയമം തുടങ്ങി ബി.ജെ.പി സര്‍ക്കാറിന്റെ നിരവധിയായ ജനവിരുദ്ധ നിയമങ്ങളെ എ.ഐ.എ.ഡി.എം.കെ പിന്തുണച്ചിരുന്നു. എ.ഐ.എ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായ എടപ്പാടി പളനിസ്വാമി തന്റെ സ്ഥാനം സംരക്ഷിക്കാനാണ് അത് ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും രണ്ട് മുന്നണികളായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരുമിച്ച് നിന്ന് മത്സരിച്ചാല്‍ സമ്പൂര്‍ണ തകര്‍ച്ചയായിരിക്കും ഇരുകൂട്ടര്‍ക്കുമുണ്ടാകുക എന്ന തിരിച്ചറിവില്‍ നിന്നാണ് അങ്ങനെ ചെയ്യുന്നത്. മാത്രവുമല്ല തെരഞ്ഞെടുപ്പിന് ശേഷം ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കാമെന്ന ധാരണയും ഇവര്‍ തമ്മിലുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇവ രണ്ടും ജനവിരുദ്ധ സഖ്യങ്ങളാണ്. ഡി.എം.കെയുമായി തെരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റമുട്ടുന്നത് എ.ഐ.എ.ഡി.എം.കെയാണ്. അവര്‍ ഞങ്ങളുടെ തെരഞ്ഞെടുപ്പിലെ ശത്രുവാണ്. എന്നാല്‍ ബി.ജെ.പി അങ്ങനെയല്ല. അവര്‍ പ്രത്യയശാസ്ത്രപരമായി ഇന്ത്യ മുന്നണിയുടെയും ജനങ്ങളുടെയും ശത്രുവാണ്’ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

content highlights: AIADMK is DMK’s enemy; BJP is the enemy of India front and people: M.K. Stalin