ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എ.ഐ.എഡി.എം.കെ. മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ അപകീര്‍ത്തി പരാമര്‍ശത്തിന് പിന്നാലെയാണ് സഖ്യം പിന്‍വലിക്കാന്‍ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചത്.
അണ്ണാമലൈ കഴിഞ്ഞ ദിവസം ഒരു പൊതുസമ്മേളനത്തിനിടെയാണ് അണ്ണാദുരൈയെക്കുറിച്ച് അപകീര്‍ത്തികരമായ പരമാമര്‍ശം നടത്തിയത്. ജയലളിതയെ അപമാനിക്കുന്ന പരാമര്‍ശവും ബി.ജെ.പി അധ്യക്ഷന്‍ നടത്തിയതായി ആരോപണമുണ്ട്.
ഇതുകൂടാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെയുടെ സഹായം ആവശ്യമാകില്ലെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഇതാണ് എ.ഐ.എ.ഡി.എം.കെയെ ചൊടിപ്പിച്ചത്.
ബി.ജെ.പിയുമായി തങ്ങള്‍ സഖ്യത്തിനില്ലെന്ന് മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ഡി. ജയകുമാര്‍ അറിയിച്ചു.
‘തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക. ബി.ജെ.പിയുമായി എ.ഐ. ഡി.എം.കെ ഇനി സഖ്യത്തിലില്ല. ബി.ജ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുമായി യോചിക്കാനാകില്ല. ഞങ്ങളുടെ നേതാക്കളെ വിമര്‍ശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴില്‍,’ ഡി. ജയകുമാര്‍ പറഞ്ഞു.
അതേസയം, എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlight: AIADMK has left the alliance with BJP in Tamil Nadu