രേഖപ്പെടുത്തപ്പെട്ട 900 പ്രൊഫഷണല്‍ ഗോള്‍ എന്ന ഐതിഹാസിക നേട്ടത്തിലെത്തുന്ന ആദ്യ താരമായാണ് പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചരിത്രമെഴുതിയത്. യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിക്കൊണ്ടാണ് താരം 900 എന്ന നാഴികക്കല്ലിലെത്തിയത്.
നിലവില്‍ 905 ഗോള്‍ സ്വന്തമാക്കിയ താരം 1,000 ഗോള്‍ എന്ന ചരിത്ര നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്. കരിയറില്‍ ആയിരം ഗോള്‍ പൂര്‍ത്തിയാക്കണമെന്ന് റൊണാള്‍ഡോ പലപ്പോഴായി പറഞ്ഞിരുന്നു.
ഇപ്പോള്‍ റൊണാള്‍ഡോ എപ്പോള്‍ 1,000 ഗോള്‍ പൂര്‍ത്തിയാക്കുമെന്നും ആ സമയം മെസിയുടെ പേരില്‍ എത്ര ഗോളുകളുണ്ടാകുമെന്നും എ.ഐ പ്രവചിച്ചിരിക്കുകയാണ്. 2028 ഓഗസ്റ്റില്‍ റൊണാള്‍ഡോ 1,000 ഗോള്‍ നേടുമെന്നാണ് എ.ഐയുടെ പ്രവചനം.
പ്രൊഫഷണല്‍ കരിയറില്‍ 905 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ അടിച്ചുകൂട്ടിയത്. കൗമാര താരമായിരിക്കെ സ്പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി തുടങ്ങിവെച്ച ഗോളടിമേളം ഇപ്പോള്‍ തന്റെ 39ാം വയസില്‍ അല്‍ നസറിന് വേണ്ടിയും തുടരുകയാണ്.
റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്താണ് റോണോ റയലിന്റെ തട്ടകത്തില്‍ നിന്നും പടിയിറങ്ങിയത്. ലോസ് ബ്ലാങ്കോസിനായി ബൂട്ടുകെട്ടിയ 438 മത്സരത്തില്‍ നിന്നുമാണ് താരം 450 ഗോളുകള്‍ വലയിലെത്തിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് താരം രണ്ടാമതായി ഏറ്റവുമധികം ഗോള്‍ വലിയിലെത്തിച്ചത്. ടീമിനൊപ്പമുള്ള രണ്ട് കാലഘട്ടത്തിലുമായി 145 തവണയാണ് സര്‍ അലക്സ് ഫെര്‍ഗൂസന്റെ പ്രിയ ശിഷ്യന്‍ എതിരാളികളുടെ വല കുലുക്കിയത്.
ദേശീയ ടീമിന് വേണ്ടി 132 തവണയാണ് താരം പന്ത് എതിരാളികളുടെ വലയിലെത്തിച്ചത്.
ഇറ്റാലിലന്‍ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് താരം ശേഷം ഏറ്റവുമധികം ഗോള്‍ കണ്ടെത്തിയത്. 101 തവണയാണ് ഓള്‍ഡ് ലേഡിയുടെ ജേഴ്‌സിയണിഞ്ഞ് റോണോ സ്‌കോര്‍ ചെയ്തത്.