| Sunday, 16th July 2023, 7:55 pm

എ.ഐ തട്ടിപ്പിലൂടെ കോഴിക്കോട്ടുകാരന് നഷ്ടമായത് 40,000 രൂപ; മുഴുവനും തിരിച്ചുപിടിച്ച് കേരള പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയെ വ്യാജ വീഡിയോ കോളിലൂടെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ നഷ്ടപ്പെട്ട 40,000 രൂപ തിരിച്ചുപിടിച്ച് കേരള പൊലീസ്. മഹാരാഷ്ട്രയിലെ രത്‌നാകര്‍ ബാങ്കില്‍ നിന്നാണ് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം പണം കണ്ടെത്തിയിരിക്കുന്നത്.

ഈ അക്കൗണ്ട് പൊലീസ് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എ.ഐ തട്ടിപ്പ് കേസിലാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം അഭിമാനകരമായ നേട്ടം കൈവരിച്ചത്.

കോഴിക്കോട് സ്വദേശിയായ രാധാകൃഷ്ണനെ വാട്സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാ പ്രദേശില്‍ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളില്‍ കണ്ടത്.

മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. താന്‍ ഇപ്പോള്‍ ദുബായിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം വേണമെന്നും നാട്ടില്‍ എത്തിയാലുടന്‍ തിരിച്ചുനല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാള്‍ പിന്നീട് 35,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. ഒറിജിന്‍ സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം തിരിച്ചെടുത്ത് നല്‍കി.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയാല്‍ പ്രതികരിക്കരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ വ്യാജ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Content Highlights: AI fraud in kozhikkode, kerala police recover 40,000 rupees
We use cookies to give you the best possible experience. Learn more