നിരീക്ഷണ ക്യാമറകളും കുറച്ചു വസ്തുതകളും
DISCOURSE
നിരീക്ഷണ ക്യാമറകളും കുറച്ചു വസ്തുതകളും
ഷഫീക് റഹ്‌മാന്‍
Friday, 28th April 2023, 2:55 pm
സാധാരണക്കാരുടെ വാഹനമാണ് ഇരുചക്ര വാഹനങ്ങള്‍ ചെറിയ കുട്ടിയും അച്ഛനും അമ്മയും സ്‌കൂട്ടറിലും ബൈക്കിലും പോകുന്നതു ഇവിടുത്തെ സര്‍വ സാധാരണമായ കാഴ്ചയാണ്. ഇതിനു പിഴ ഈടാക്കുന്നത് ഈ കുടുംബങ്ങളില്‍ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. അതേ സമയം ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് , മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവക്ക് പിഴ ഈടാക്കുന്നത് ഗവണ്മെന്റിനു വലിയ രീതിയിലുള്ള നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമാകും | ഷഫീഖ് റഹ്മാന്‍ എഴുതുന്നു

ഈ കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്‍ സംഭവിച്ച, ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനപ്പെട്ട സംഭവവികാസമാണ് AI ക്യാമറയും അതിന്റെ നടപ്പില്‍ വരുത്തലും . വരും കാലങ്ങളില്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്തെ വളരെയധികം സ്വാധീനിക്കാവുന്ന ഒന്നാണ് ഈ പുതിയ ഗതാഗത നിരീക്ഷണ സംവിധാനം .

ആദ്യമായി ഈ സിസ്റ്റം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. AI എന്ന ശാസ്ത്ര ശാഖയുടെ വളരെ പ്രധാനപ്പെട്ട ഉപ ശാഖയാണ് കമ്പ്യൂട്ടര്‍ വിഷന്‍. ഈ സംവിധാനമാണ് നിരീക്ഷണ സിസ്റ്റത്തിന്റെ മൂലക്കല്ല്. ഡിജിറ്റല്‍ ചിത്രങ്ങള്‍ , വീഡിയോകള്‍, മറ്റ് ദൃശ്യ ഉറവിടങ്ങളില്‍ നിന്ന് അര്‍ത്ഥവത്തായ വിവരങ്ങള്‍ നേടുന്നതിന് കമ്പ്യൂട്ടറുകളെയും സിസ്റ്റങ്ങളെയും പ്രാപ്തമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) ഒരു മേഖലയാണ് കമ്പ്യൂട്ടര്‍ വിഷന്‍.

നന്നായി പരിശീലിപ്പിച്ചെടുത്ത വിഷയാധിഷ്ഠിതമായ കമ്പ്യൂട്ടര്‍ വിഷന്‍ മെഷീന്‍ ലേര്‍ണിംഗ് മോഡല്‍ ഉപയോഗിച്ചാണ് കിട്ടുന്ന വീഡിയോ പ്രോസസ്സ് ചെയ്യുക. ഇവിടുത്തെ സാഹചര്യത്തില്‍ റോഡുകളില്‍ നിന്നുള്ള ദൃശ്യങ്ങളും , മനുഷ്യരും , ഹെല്‍മറ്റും എല്ലാം ഈ സിസ്റ്റത്തെ പഠിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.

Image Courtesy : Towards Data Science

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണിക്കുന്നത് പോലെ . ഇത് കാറാകുവാനുള്ള സാധ്യത 90 %, ഇത് ഹെല്‍മെറ്റ് ആകുവാനുള്ള സാധ്യത 85% , ഇത് മൊബൈല്‍ ഫോണ്‍ ആകുവാനുള്ള സാധ്യത 60% എന്നിങ്ങനെ മോഡല്‍ പറഞ്ഞു തരുന്നു .

കൂടുതല്‍ ഡാറ്റ പരിശീലിപ്പിക്കാന്‍ കൊടുത്തു കഴിഞ്ഞാല്‍ ഇതിന്റെ സാധ്യത ശതമാനം കൂടിക്കൊണ്ടേയിരിക്കും . എത്രത്തോളും ഡാറ്റ കൊടുക്കുന്നു അത്രത്തോളം ഇതില്‍ നിന്നും കിട്ടാവുന്ന ഔട്പുട്ടിന്റെ കാര്യക്ഷമതയും വര്‍ധിക്കുന്നു . അത് വച്ച് നോക്കി കഴിഞ്ഞാല്‍ ഇതിന്റെ ടെസ്റ്റിംഗ് ആന്‍ഡ് ട്രയല്‍ റണ്‍ കുറച്ചു കാലങ്ങളായി നടക്കുന്നുണ്ട്.

Image Courtesy : Towards Data Science

ഈ ക്യാമറയുടെ ജോലി എന്ന് പറയുന്നത് ദൃശ്യങ്ങള്‍ സ്ട്രീം ചെയ്തു സെര്‍വറുകളിലേക്കു പ്രോസസ്സ് ചെയ്യാന്‍ അയക്കുക എന്നതാണ്.

എല്ലായ്പ്പോഴും വിവരങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണ സംവിധാനത്തിലേക്ക് തിരികെ റിപ്പോര്‍ട്ട് ചെയ്യുന്ന ലളിതമായ ജോലികളാണ് ഈ ഉപകരണങ്ങള്‍ ചെയ്യുന്നത്. കമ്പ്യൂട്ടര്‍ ഭാഷയില്‍ ഇങ്ങനെയുള്ള ഉപകരണങ്ങളെ Dumb  Devices എന്നാണ് വിളിക്കുന്നത്. തെര്‍മോ സ്‌കാനറും, മോഷന്‍ ഡിറ്റക്ടര്‍സും എല്ലാം ഈ ക്യാറ്റഗറിയില്‍ വരുന്ന ഉപകരണങ്ങളാണ്. നല്ലൊരു നൈറ്റ് വിഷന്‍ കാമറ ഉണ്ടെങ്കില്‍ ഏതു ഇരുട്ടിലും മികവാര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കും.

ഇതാണ് ക്യാമറ ചെയ്യുന്നെങ്കില്‍ അതിനെ എന്തിനാണു AI ക്യാമറ എന്ന് വിളിക്കുന്നത്? വിദേശങ്ങളിലൊക്കെ ഇങ്ങനെയുള്ള സിസ്റ്റംസ് ഇമ്പ്‌ലിമെന്റ് ചെയ്തിട്ടുണ്ട്. അവിടെയെല്ലാം സിസ്റ്റത്തെ Camera   surveillance സിസ്റ്റം എന്നാണ് വിളിക്കുന്നത്. എന്താണെങ്കിലും ഏറ്റവും പ്രധാനമായി പറയേണ്ടത് ഈ ക്യാമറകളെ AI ക്യാമറ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ തെറ്റാണ് എന്നതാണ്.

ഇങ്ങനെയുള്ള സിസ്റ്റം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ഒരു ചിത്രത്തിന്റെ സഹായത്തോടെ വ്യക്തമാക്കാം.

  •  1 . ക്യാമറ  ദൃശ്യങ്ങൾ  ഒപ്പിയെടുത്തു  വീഡിയോ  സെർവറുകളിലേക്കു  സ്ട്രീം ചെയ്യുന്നു.
  •  2 . സെർവറുകൾ  വീഡിയോ  AI കമ്പ്യൂട്ടർ വിഷൻ  ആസ്പദമാക്കി വിഷയാധിഷ്ടിതമായ മോഡലുകൾ  ഉള്ള  സിസ്റ്റംത്തിലേക്കു അയക്കുന്നു .
  •  3 . നേരത്തെ ഫീഡ് ചെയ്യപ്പെട്ട  ഗതാഗത   ലംഘനങ്ങൾ  AI  ഉപയോഗിച്ച് അപഗ്രഥിച്ചു  മാർക്ക്  ചെയ്യുന്നു. 
  • 4 .  മാർക്ക്  ചെയ്ത ദൃശ്യങ്ങളിലെ “നമ്പർ പ്ലേറ്റ്”  AI  യുടെ സഹായത്തോടെ വായിച്ചെടുക്കുന്നു.
  • 5 . വായിച്ചെടുത്ത നമ്പർ പ്ലേറ്റിന്റെ  ഉടമസ്ഥന്റെ  അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നു .
  •  6 .  3 ,5  ഡാറ്റ  കൂടുതൽ പരിശോധനകൾക്കും  പിഴ നോട്ടീസ്  ചെയ്യന്നതിനുമായി അഡ്മിനിസ്ട്രേറ്റർക്ക്  അയച്ചുകൊടുക്കുന്നു .
  •  7 . അഡ്മിനിസ്ട്രേറ്റർ തന്റെ ഡാഷ്ബോർഡിൽ നിന്നും  കിട്ടിയ ദൃശ്യം  ഉറപ്പുവരുത്തി  പിഴ നോട്ടീസ് വാഹന ഉടമസ്ഥന് ഇഷ്യൂ ചെയ്യുന്നു.

അതേ സമയം വേഗത ലംഘനങ്ങള്‍ പിടിക്കാന്‍ ഈ സിസ്റ്റത്തിന് കഴിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ നല്ല ഒരു അല്‍ഗോരിതം ഉണ്ടാക്കി കഴിഞ്ഞാല്‍ രണ്ടു ക്യാമെറകളില്‍ നിന്നുള്ള ദൃശ്യം ഉപയോഗിച്ച് ഇത് കണ്ടെത്താന്‍ കഴിയും. ഇതെല്ലാം ഇമ്പ്‌ലിമെന്റ് ചെയ്തിരിക്കുന്ന സിസ്റ്റം എത്രമാത്രം നല്ലതാണെന്നു ആശ്രയിച്ചിരിക്കും.

വേഗതയാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന 90 ശതമാനം അപകടങ്ങളുടെയും മൂല കാരണം.

അത് റിപ്പോര്‍ട്ട് ചെയ്യാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത് . അല്ലാത്ത പക്ഷം ഇത് സാധാരണ ജനങ്ങളെ പിഴിയാനുള്ള ഒരു ഉപാധി മാത്രമായി മാറും. സാധാരണക്കാരുടെ വാഹനമാണ് ഇരുചക്ര വാഹനങ്ങള്‍ ചെറിയ കുട്ടിയും അച്ഛനും അമ്മയും സ്‌കൂട്ടറിലും ബൈക്കിലും പോകുന്നതു ഇവിടുത്തെ സര്‍വ സാധാരണമായ കാഴ്ചയാണ്.

ഇതിനു പിഴ ഈടാക്കുന്നത് ഈ കുടുംബങ്ങളില്‍ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാകും ഉചിതം. അതേ സമയം ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് , മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവക്ക് പിഴ ഈടാക്കുന്നത് ഗവണ്മെന്റിനു വലിയ രീതിയിലുള്ള നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമാകും .

ഇനി വേഗത ലംഘനം ഈ സിസ്റ്റത്തിന് കണ്ടുപിടിക്കാന്‍ കഴിയുമെങ്കില്‍ വളരെ നല്ലത്. പക്ഷെ അടിയന്തിരമായി ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്ത ഇടങ്ങളില്‍ വേഗത പരിധി സൂചകങ്ങള്‍ സ്ഥാപിക്കണം. അത് സ്ഥാപിക്കാതെ പിഴ ഈടാക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്. ഇപ്പോഴുള്ള സൂചകങ്ങള്‍ പലതും വളരെ പണ്ട് സ്ഥാപിച്ചതാണ്. പല സ്ഥലങ്ങളിലും സൂചകങ്ങള്‍ ഇല്ല. ഗതാഗത വകുപ്പ് വിന്യസിച്ചിട്ടുള്ള എല്ലാ ക്യാമറകളും അത് കണ്ടുപിടിക്കുന്ന ലംഘനങ്ങളുടെ വിവരങ്ങളും ഗതാഗത വകുപ്പ് വെബ്സൈറ്റില്‍ ജനങ്ങളുടെ അറിവിലേക്കായി ഗതാഗത വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

ഇവിടെ ക്ലിക് ചെയ്താല്‍ അമേരിക്കയിലെ കിംഗ് കൗണ്ടി പ്രവിശ്യയില്‍ വിന്യസിച്ചിട്ടുള്ള എല്ലാ ട്രാഫിക് ക്യാമറകളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ കഴിയും.

മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടുപിടിക്കുന്നത് ഈ സിസ്റ്റത്തിനു എത്രത്തോളും ചെയ്യാന്‍ പറ്റും എന്നതിന് ഇപ്പോഴും വ്യക്തതയില്ല . AI ഭാഷയില്‍ പറഞ്ഞു കഴിഞ്ഞാല്‍ ഇതിന്റെ ” edge  cases “ വളരെയധികമാണ്.

മൊബൈല്‍ ഫോണ്‍ എടുത്തു തല ചൊറിഞ്ഞാലും AI സിസ്റ്റം അത് ഉപയോഗിച്ചതായി കണക്കാക്കും.

എനിക്ക് തോന്നുന്നത് ഇതില്‍ കൂടുതലും മാന്വല്‍ അനാലിസിസ് ആയിരിക്കും ചെയ്യാന്‍ പോകുന്നത് എന്നാണ്. എന്ന് പറഞ്ഞാല്‍ വീഡിയോ അനലിസ്റ്റ് റാന്‍ഡമായി കുറച്ചു വിഡിയോകള്‍ അപഗ്രഥിക്കുന്നു . നിയമ ലംഘനങ്ങള്‍ കാണുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സിസ്റ്റം ഇന്‍സ്റ്റാളുമായി ബന്ധപെട്ടു വരുന്ന പ്രധാനപ്പെട്ട ചോദ്യമാണ് ഡാറ്റ പ്രൈവസി. ഈ ഡാറ്റാ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്ന് തീര്‍ച്ചയായും ജനങ്ങള്‍ അറിഞ്ഞിരിക്കണം. അതുകൊണ്ടു തന്നെ ഈ ഡാറ്റ എവിടെയാണ് പ്രോസസ്സ് ചെയ്യുന്നത് എന്നും എത്രനാള്‍ സൂക്ഷിച്ചു വെക്കും എന്നതും കാര്യഗൗരവമുള്ള സംഗതിയാണ്.

കെല്‍ട്രോണ്‍ ഒരു മീഡിയേറ്റര്‍ കണ്‍സള്‍ട്ടന്‍സി മാത്രമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ കെല്‍ട്രോണ്‍ സെര്‍വേഴ്‌സിലാണോ ഡാറ്റ സ്റ്റോര്‍ ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നത്? ഇനി അത് കരാര്‍ കിട്ടിയ കമ്പനിയാണ് ചെയ്യുന്നതെങ്കില്‍ എത്രനാള്‍ ഡാറ്റ സൂക്ഷിച്ചുവെക്കുന്നു എന്നുള്ളതും എപ്പോള്‍ നശിപ്പിക്കപ്പെടുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

content highlights; AI cameras and some facts

 

ഷഫീക് റഹ്‌മാന്‍
കഴിഞ്ഞ 2 പതിറ്റാണ്ടായി IT മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. Artificial Intelligence Enthusiast ആണ്. ഇപ്പോള്‍ AI അധിഷ്ഠിതമായി സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുന്ന കമ്പനിയുടെ സഹസ്ഥാപകന്‍ ആണ്.