എ.ഐ ക്യാമറ വിവാദം: കെല്‍ട്രോണിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി; സമഗ്രഭരണാനുമതി നല്‍കുന്നതില്‍ വീഴ്ചയുണ്ടെന്ന് മന്ത്രി പി. രാജീവ്
Kerala News
എ.ഐ ക്യാമറ വിവാദം: കെല്‍ട്രോണിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി; സമഗ്രഭരണാനുമതി നല്‍കുന്നതില്‍ വീഴ്ചയുണ്ടെന്ന് മന്ത്രി പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2023, 3:49 pm

കൊച്ചി: കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് സുതാര്യമായാണെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യവസായ മന്ത്രി പി. രാജീവ്. വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നും കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു.

സേഫ് കേരള പദ്ധതിക്കായുള്ള കെല്‍ട്രോണിന്റെ ടെണ്ടര്‍ നടപടികള്‍ സി.വി.സി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ‘ഇ-പോര്‍ട്ടലില്‍ ഓരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട രേഖകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പബ്ലിക് ഡൊമെയ്‌നില്‍ ഈ രേഖകള്‍ അന്നുമുതല്‍ തന്നെ ലഭ്യമാണ്.

ഡാറ്റ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവയൊഴികെ എല്ലാ കാര്യങ്ങളിലും ഉപകരാര്‍ നല്‍കാന്‍ കെല്‍ട്രോണിന് അനുമതിയുണ്ട്. ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് തന്നെയാണ് ഉപകരാറുകള്‍ നല്‍കിയിട്ടുള്ളത്,’ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെല്‍ട്രോണ്‍, എസ്.ആര്‍.ഐ.ടി എന്നിവര്‍ തമ്മിലാണ് സര്‍വീസ് എഗ്രിമെന്റ് ഉള്ളതെന്നും ഇതില്‍ ഉപകരാറുകാരുടെ പേരുകള്‍ നല്‍കേണ്ടതായിരുന്നുവെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ‘പദ്ധതിയുടെ ഭാഗമായി ഉപകരാര്‍ നല്‍കുന്നതിന് മുമ്പായി സമഗ്രഭരണാനുമതി നല്‍കുന്ന നടപടിക്രമം നേരത്തെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇതില്‍ ചെറിയ വീഴ്ചയുണ്ടായിട്ടുണ്ട്.

ഭാവിയില്‍ ഉപകരാര്‍ നല്‍കുന്നതിന് മുമ്പായി സര്‍ക്കാര്‍ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ഉപകരാര്‍ നല്‍കുന്നതിന് തടസങ്ങളില്ല. അതിനാല്‍ ഭാവിയില്‍ കെല്‍ട്രോണിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആരംഭിക്കും,’ വ്യവസായ മന്ത്രി പറഞ്ഞു.

content highlights: AI camera controversy, principal secretary submits reports to government