'ബി.ജെ.പിക്ക് ദളിത് ആദിവാസി കുട്ടികള്‍ വിദ്യാഭ്യാസവകാശം ഇല്ലാത്തവരാണ്'; 60 ലക്ഷം ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയതില്‍ രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: രാജ്യത്തെ അറുപത് ലക്ഷം വരുന്ന ദൡത്-ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഉണ്ടാകാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവരാണ് ബി.ജെ.പിയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.
ദളിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിര്‍ത്തുന്ന സര്‍ക്കാര്‍ തീരുമാനം ഇത് വ്യക്തമാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പാണ് നിര്‍ത്തിവെച്ചത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടിങ്ങ് നിര്‍ത്തിയതോടെ പതിനാലോളം സംസ്ഥാനങ്ങള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിന് ഒരു വര്‍ഷമായിട്ടും പരിഹാരം കാണാന്‍ ക്യാബിനറ്റിനായിട്ടില്ല. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ കര്‍ഷകരുടെ സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ളത് അവകാശമാണെന്നും അതൊരു കുറ്റകൃത്യമല്ലെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.