| Thursday, 28th May 2020, 8:32 pm

ശബരിമല കലാപം മുതല്‍ മിന്നല്‍ മുരളി സെറ്റ് വരെ; കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത് അതിതീവ്രഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുഖം

ഷഫീഖ് താമരശ്ശേരി

മിന്നല്‍ മുരളി എന്ന സിനിമയ്ക്ക് വേണ്ടി അണിയറപ്രവര്‍കത്തകര്‍ കാലടിയിലെ മണപ്പുറത്ത് നിര്‍മിച്ച ക്രൈസ്തവ ആരാധനാലയത്തിന്റെ മാതൃകയിലുള്ള സെറ്റ് പൊളിച്ചുനീക്കുകയും അതിന്റെ ഉത്തരവാദിത്വം പരസ്യപ്രഖ്യാപനം വഴി ഏറ്റെടുക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) എന്ന സംഘടന വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. കൃത്യം നിര്‍വഹിച്ച വ്യക്തികള്‍ക്കോ, അവരുടെ സംഘടനയ്‌ക്കോ തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് ബി.ജെ.പിയുടെ കേരളത്തിലെ നേതൃത്വം രംഗത്ത് വന്നിരുന്നു.

തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ എ.എച്.പി യെ സംഘപരിവാറിന്റെ വ്യത്യസ്ത പോഷക സംഘടനകളില്‍ ഒന്നായിട്ടാണ് പലരും കരുതി വരുന്നത്. എന്നാല്‍ വസ്തുത അങ്ങനെയല്ല. സമീപകാല കേരളത്തില്‍ അക്രമോത്സുകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ, നവമാധ്യമങ്ങളില്‍ നിരന്തരം കലാപാഹ്വാനങ്ങളും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന എ.എച്.പിയും അവരുടെ തന്നെ മറ്റ് വിഭാഗങ്ങളായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍, ഹിന്ദു ഹെല്‍പ് ലൈന്‍, ഹിന്ദു സേവാ കേന്ദ്രം എന്നീ സംഘടനകളുമെല്ലാം എന്താണെന്നതും ആരാണവയുടെ നേതൃത്വമെന്നതും എന്താണവരുടെ ലക്ഷ്യമെന്നതും കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്.

എന്താണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് അഥവാ എ.എച്ച്.പി? സംഘപരിവാറില്‍ നിന്നുള്ള അവരുടെ വ്യത്യാസമെന്ത്?

ആര്‍.എസ്.എസ്, ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത്, എ.ബി.വി.പി, ബജ്‌റംഗ്ദള്‍, യുവമോര്‍ച്ച, ബി.എം.എസ്, ഭാരതീയ കിസാന്‍ സംഘ് തുടങ്ങിയ പ്രബലമായ നിരവധി വിഭാഗങ്ങളും മറ്റനേകം പോഷക സംഘടനകളും ചേര്‍ന്നതാണ് ഇന്ത്യയിലെ സംഘപരിവാര്‍. നാഗ്പൂര്‍ ആസ്ഥാനമായി 1925 ല്‍ ബി.എം ഹെഗ്‌ഡെവാര്‍ സ്ഥാപിച്ച ആര്‍.എസ്.എസ് ആണ് സംഘപരിവാറിനെ നയിക്കുന്നത്.

ഇന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാമുദായിക സംഘടനകളിലൊന്നായ വിശ്വഹിന്ദുപരിഷത്തുമെല്ലാം പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസിന്റെ നിയന്ത്രണത്തില്‍ തന്നെ.

എന്നാല്‍ 2018 ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര അദ്ധ്യക്ഷനും ഗുജറാത്തില്‍ നിന്നുള്ള സംഘപരിവാറിന്റെ ഉന്നത നേതാവുമായ പ്രവീണ്‍ തൊഗാഡിയ ഇന്ത്യയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ തീവ്രത നഷ്ടപ്പെട്ടു എന്ന ആരോപണം ഉന്നയിച്ച് സംഘടനയില്‍ നിന്നും പുറത്തുവരികയുണ്ടായി.

പ്രവീണ്‍ തൊഗാഡിയ

ബി.ജെ.പിയുടെ നയങ്ങളില്‍ പലതും കോണ്‍ഗ്രസിന് സമാനമാവുകയാണെന്നും അതിനാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തങ്ങള്‍ ഏറ്റെടുക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് 2018 ജൂണ്‍ മാസം അവസാനത്തില്‍ പ്രവീണ്‍ തൊഗാഡിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന പേരില്‍ ഒരു പുതിയ സംഘനയ്ക്ക് രൂപം നല്‍കുകയായിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, രാജ്യമാസകലമുള്ള ഗോവധ നിരോധനം, ഏക സിവില്‍കോഡ് നടപ്പാക്കല്‍, ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കല്‍, മുസ്ലിങ്ങളുടെ ന്യൂനപക്ഷ പദവി റദ്ദാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ പോരാടുമെന്നും രാജ്യമാസകലമുള്ള ഹിന്ദുവിഭാഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുമെന്നുമുള്ള അവകാശവാദത്തോടെയായിരുന്നു എ.എച്.പി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്ത്യ രാജ്യത്ത് ഇപ്പോഴും മുസ്ലിങ്ങള്‍ അധികാരത്തിലിരിക്കുന്ന പ്രദേശങ്ങളുണ്ട്. രാജ്യത്തെ ഉന്നത ഭരണസ്ഥലങ്ങളിലടക്കം മുസ്ലിങ്ങളുണ്ട്. മുസ്ലിങ്ങളെ അധികാരത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കണമെന്നും അതിനായിരിക്കണം നമ്മുടെ പ്രവര്‍ത്തനമെന്നുമാണ് എ.എച്.പിയുടെ പ്രഖ്യാപന വേളയില്‍ തൊഗാഡിയ പ്രസംഗിച്ചത്.

ഹിന്ദു ഹെല്‍പ് ലൈന്‍, രാഷ്ട്രീയ ബജ്‌റംഗ്ദള്‍, നാഷണല്‍ കിസാന്‍ കൗണ്‍സില്‍, നാഷണല്‍ ലേബര്‍ കൗണ്‍സില്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വുമണ്‍, നാഷണല്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തുടങ്ങിയ പോഷകസംഘടനകള്‍ക്കും ഇതിനിടയില്‍ എ.എച്.പി രൂപം കൊടുക്കുകയുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ അടക്കമുള്ള നേരത്തെ സംഘപറിവാറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ചെറുവിഭാഗങ്ങളെയും വ്യക്തികളെയുമെല്ലാം ചേര്‍ത്താണ് എ.എച്.പി അവരുടെ അടിത്തറ രൂപപ്പെടുത്തിയത്. പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായിരുന്ന സംഘടനയുടെ ദേശീയ സെക്രട്ടറി മലയാളിയായ പ്രതീഷ് വിശ്വനാഥന്‍ ആയിരുന്നു.

പ്രതീഷ് വിശ്വനാഥന്‍

തീവ്ര വര്‍ഗീയ പരാമര്‍ശങ്ങളുടെയും കലാപാഹ്വാനങ്ങളുടെയും അക്രമങ്ങളുടെയുമെല്ലാം പേരില്‍ കേരളത്തില്‍ അനേകം കേസ്സുകള്‍ നേരിടുന്ന എറണാകുളം സ്വദേശിയായ പ്രതീഷ് വിശ്വനാഥനാണ് കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. സംഘപരിവാറില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ മോദി, അമിത്ഷാ, പ്രവീണ്‍ തൊഗാഡിയ, മോഹന്‍ ഭാഗവത് തുടങ്ങിയ ഇന്ത്യയിലെ മുതിര്‍ന്ന ഹിന്ദുത്വ നേതാക്കളുമായി ബന്ധമുള്ള ആളായിരുന്നു പ്രതീഷ് വിശ്വനാഥനെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഒരു മുന്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍

എ.എച്.പിയുടെ കേരളത്തിലെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് പേര് വെളിപ്പെടുത്താനാകാത്ത അവരുടെ ഒരു മുന്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍ 2018 ആഗസ്ത് മാസത്തില്‍ ഡൂള്‍ന്യൂസ് പുറത്തുവിട്ടിരുന്നു. സേവനങ്ങളുടെ മറവില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ നടത്തിയ കലാപാസൂത്രണങ്ങളുടെയും എ.എച്.പി യുടെ രൂപീകരണത്തോടുകൂടി അവര്‍ നടത്താനുദ്ദേശിച്ച പ്രവര്‍ത്തന പദ്ധതികളുടെയും ഏറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു ഈ മുന്‍ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെച്ചിരുന്നത്.

ശബരിമല വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ഹിന്ദുവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായുള്ള അക്രമപ്രവര്‍ത്തനങ്ങളും കലാപ ആസൂത്രണങ്ങളും, വൈദികരെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍, മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വിഹാവം ചെയ്താല്‍ അവരുടെ വീട് ആക്രമിക്കാനുള്ള പദ്ധതികള്‍, ‘ലൗവ് ജിഹാദി’ന് പകരമായി മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ തുടങ്ങിയ നിരവധി ആസൂത്രണ പദ്ധതികളക്കുറിച്ചായിരുന്നു ഹിന്ദു ഹെല്‍പ് ലൈനിന്റെ ജില്ലാതല നേൃത്വത്തിലുണ്ടായിരുന്ന ആ യുവാവ് ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തിയത്.

‘ഈ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചതിന് ശേഷം താന്‍ ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് പോലും ഉറപ്പില്ല’ എന്ന ഭയത്തോടെ ആ യുവാവ് വെളിപ്പെടുത്തിയ ഓരോ കാര്യങ്ങളെയും ശരിവെയ്ക്കുന്നതായിരുന്നു എ.എച്.പിയുടെ പിന്നീടുള്ള നീക്കങ്ങള്‍.

മുസാഫര്‍ നഗറിനും ഗുജറാത്തിനും സമാനമായ രീതിയിലുള്ള ഒരു കലാപം അവര്‍ കേരളത്തിലും ലക്ഷ്യമിട്ടിരുന്നുവെന്നും. ആദ്യം കലാപം, പിന്നീട് സംഘടന വളര്‍ത്തല്‍, അതുവഴി ഭരണം പിടിക്കല്‍ എന്നിവയാണ് അവരുടെ രാഷ്ട്രീയപാതയെന്നും ഈ മുന്‍ പ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു.
ഇതിനെ സാധൂകരിക്കുന്നതായിരുന്നു കേരളത്തിലെ എ.എച്.പിയുടെ പ്രത്യക്ഷത്തിലുള്ള ആദ്യത്തെ രാഷ്ട്രീയ ഇടപെടല്‍.

ശബരിമല യുവതീപ്രവേശവനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെയായിരുന്നു എ.എച്.പി ആദ്യം മുന്നോട്ട് വന്നത്. കേരള സര്‍ക്കാറിനെതിരെ പരസ്യമായി കലാപം നടത്തുവാന്‍ പ്രതീഷ് വിശ്വനാഥന്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കിയിരുന്നു. പമ്പയിലും പരിസരങ്ങളിലും മറ്റ് സ്ഥലങ്ങളിലുമെല്ലാം അന്ന് നടന്ന കോലാഹലങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത് പ്രതീഷ് വിശ്വനാഥനും എ.എച്.പിയും ആയിരുന്നു.

പ്രവീണ്‍ തൊഗാഡിയ നേരിട്ട് കേരളത്തിലെത്തിയാണ് അന്ന് എ.എച്.പി യുടെ സമരം ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ശബരിമല യുവതീപ്രവേശനത്തോട് നയപരമായി അനുകൂല നിലപാടെടുത്തിരുന്ന സംഘപരിവാര്‍ പിന്നീട് അതിനെ എതിര്‍ത്തുകൊണ്ട് സമരങ്ങളിലേക്ക് നീങ്ങിയത് പ്രതീഷ് വിശ്വനാഥന്റെ സംഘം സമരങ്ങള്‍ നടത്താനാരംഭിച്ചതിന് ശേഷമാണ്.

എ.എച്.പിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍

പൊതുപരിപാടികളും സമരങ്ങളുമൊക്കെ സംഘടിപ്പിക്കുന്ന സാധാരണ നിലയിലുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതലും ആശയപ്രചരണങ്ങളും കായിക അക്രമങ്ങളുമായിരുന്നു കേരളത്തില്‍ ഇക്കാലങ്ങളില്‍ എ.എച്.പി നടത്തിയിരുന്നത് എന്നാണ് എ.എച്.പിയുമായി ബന്ധപ്പെട്ട് അക്കാലങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ വൈദികരെ മതപരിവര്‍ത്തനശ്രമം ആരോപിച്ച് കയ്യേറ്റം ചെയ്തത് എ.ച്.പി യുടെ ജില്ലാ ഭാരവാഹി ആയ ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ ആണ്. കൊച്ചിയില്‍ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെയും എ.എച്.പിക്കാര്‍ കായികമായി ആക്രമിച്ചിരുന്നു.

കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് ബിന്ദു അമ്മിണിയെ മുളക് പൊടി സ്‌പ്രെ ഉപയോഗിച്ച് ആക്രമിച്ചത് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയതടക്കം നിരവധി കേസുകളാണ് പ്രതീഷ് വിശ്വനാഥനടക്കമുള്ള എ.എച്ച്.പി നേതാക്കള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അയോധ്യവിധി വന്ന ദിവസം പ്രതീഷ് വിശ്വനാഥന്‍ സര്‍ക്കാറിന്റെ വിലക്കുകളെയെല്ലാം മറികടന്ന് മധുരവിതരണം നടത്തുകയും ദീപങ്ങള്‍ കത്തിച്ച് ആഘോഷിക്കുകയും ചെയ്തു എന്ന് മാത്രമല്ല അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബാബരി മസ്ജിദിന് സമാനമായ രീതിയില്‍ കാശിയിലെയും മധുരയിലെയും മുസ്ലിം പള്ളികള്‍ പൊളിച്ചുമാറ്റണമെന്നും അദ്ദേഹം അന്ന് ആഹ്വാനം ചെയ്തിരുന്നു.

മറ്റൊരവസരത്തില്‍ ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് രാഷ്ട്രീയ ബജ്രംഗ്ദള്‍ ത്രിശൂലങ്ങള്‍ നല്‍കുമെന്ന് ചിത്രസഹിതം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് അടക്കമുള്ള വര്‍ഗീയ കലാപങ്ങളില്‍ ന്യൂനപക്ഷങ്ങളെ അക്രമിക്കാനായി ഹിന്ദുത്വപ്രവര്‍ത്തകര്‍ ഉപയോഗിച്ച തൃശൂലം എന്ന ആയുധം കേരളത്തില്‍ ഹിന്ദു യുവാക്കള്‍ക്ക് വിതരണം ചെയ്യുമെന്ന ഈ പരസ്യപോസ്റ്റ് വലിയ രീതിയിലുള്ള കലാപാഹ്വാനമാണെന്നും അദ്ദേഹത്തിന് നേരെ കേസ്സ് ചുമത്തണമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ അന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ പൊലീസ് നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല.

പരാതികളോട് പൊലീസ് സ്വീകരിച്ച സമീപനങ്ങള്‍

പ്രതീഷ് വിശ്വനാഥന്റെ സോഷ്യല്‍ മീഡിയയിലെ കലാപാഹ്വാനങ്ങള്‍ക്കെതിര കോതമംഗലം പൊലീസില്‍ പരാതി നല്‍കിയ ബാബു എം. ജേക്കബ് എന്ന മാധ്യമപ്രവര്‍ത്തകന് ആറ് മാസങ്ങള്‍ക്ക് ശേഷം പൊലീസ് നല്‍കിയ മറുപടി പ്രതീഷ് വിശ്വനാഥന്റെ വിവരങ്ങള്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കാന്‍ രണ്ട് വര്‍ഷം വരെ വേണ്ടി വരുമെന്നുമാണ്. നൂറുകണക്കിന് കേസ്സുകള്‍ നിലവില്‍ തന്നെ പ്രതീഷ് വിശ്വനാഥന് നേരെ ഉണ്ടായിട്ടും അതില്‍ ഒന്നില്‍പോലും അറസ്റ്റ് അടക്കമുള്ള നിയമപടികള്‍ സ്വീകരിക്കാത്തത് അദ്ദേഹത്തിന്റെ ഉന്നതതല ബന്ധങ്ങള്‍ കൊണ്ടാണെന്നാണ് ബാബു എം. ജേക്കബ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

ശബരിമല വിഷയത്തില്‍ പ്രതീഷ് വിശ്വനാഥന്‍ ഫേസ്ബുക്കിലൂടെ നടത്തിയ കലാപാഹ്വാനങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ കോതമംഗലം സ്വദേശി ധനൂപിനും സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്. പരാതി നല്‍കി മാസങ്ങള്‍ക്ക് ശേഷം ധനൂപിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് പറഞ്ഞത് പ്രതീഷ് വിശ്വനാഥനെ കണ്ടെത്താന്‍ ഏറെ പ്രയാസങ്ങള്‍ ഉണ്ടെന്നാണ്. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് പൊലീസ് തന്നില്‍ നിന്നും ഒപ്പ് വാങ്ങിയ നോട്ടീസിന്റെ പകര്‍പ്പ് വായിച്ചപ്പോഴാണ് കേസ് അവസാനിപ്പിക്കുന്നതായുള്ള അറിയിപ്പായിരുന്നു അതെന്ന് മനസ്സിലായതെന്ന് ധനൂപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രതീഷ് വിശ്വനാഥനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ച കാലങ്ങളില്‍ തന്നെയായിരുന്നു നിരവധി പൊതുപരിപാടികളില്‍ പ്രതീഷ് സജീവമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഒരു രാഷ്ട്രീയ സംഘടനയുടെ ദേശീയ നേതാവായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുകയും നവമാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ വിവരങ്ങള്‍ എവിടെയും ലഭ്യമല്ല, ഫേസ്ബുക് അത് നല്‍കുന്നില്ല എന്ന് പൊലീസ് പറയുന്നത് യുക്തിരഹിതമാണന്നും സാധാരണ ഇത്തരം കേസ്സുകളില്‍ പൊലീസ് ഫേസ്ബുകിന്റെ സഹായമില്ലാതെ തന്നെ വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് നടത്തുകയാണ് ചെയ്യാറുള്ളതെന്നും ധനൂപ് അഭിപ്രായപ്പെട്ടു.

മുസ്‌ലിംകളല്ലാത്ത 102 പേരെ ‘മാധ്യമം’ ദിനപത്രത്തില്‍ നിന്നും ഒഴിവാക്കുന്നു എന്ന തരത്തില്‍ പ്രതീഷ് വിശ്വനാഥന്‍ സോഷ്യല്‍മീഡിയ വഴി നടത്തിയ പ്രചരണവും കേസിന് കാരണമായിരുന്നു. ഒരേ സമയം വസ്തുതാവിരുദ്ധവും അതേ സമയം മതവിഭാഗീയത സൃഷ്ടിക്കുന്നതുമാണ് പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റ് എന്നായിരുന്നു മാധ്യമം മാനേജ്‌മെന്റ് ഇതിനോട് പ്രതികരിച്ചിരുന്നത്. ചേവായൂര്‍ പൊലീസ് സ്റ്റേഷനിലാണ് മാധ്യമം പരാതി നല്‍കിയത്. ”ഫെബ്രുവരി മാസത്തിലായിരുന്നു ഞങ്ങള്‍ പരാതി നല്‍കിയത്. തുടക്കത്തില്‍ കേസ്സെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് പറഞ്ഞ പൊലീസ് മെയ് മാസം പകുതിയില്‍ മാത്രമാണ് കേസ്സില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്”. ‘മാധ്യമത്തി’ന്റെ നിയമവിഭാഗം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

”മുസ്‌ലിങ്ങള്‍ക്കെതിരായതും മതസാമുദായിക സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതുമായ നിരവധി പരാമര്‍ശങ്ങളും ആഹ്വാനങ്ങളുമെല്ലാം ദിനം പ്രതി പ്രതീഷ് വിശ്വനാഥന്‍ സോഷ്യല്‍മീഡിയ വഴി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഐ.ടി ആക്ട് അടക്കമുള്ള നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാണിതെന്നിരിക്കെ ശബരിമല സമരങ്ങളുടെ സമയത്ത് നടന്ന ഒരു അറസ്റ്റ് അല്ലാതെ മറ്റൊരു ഘട്ടത്തിലും പ്രതീഷ് വിശ്വനാഥന് നേരെ നടപടി ഉണ്ടായില്ല എന്നത് ഏറെ പ്രതിഷേധാര്‍ഹമാണെന്നാണ് പ്രതീഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ ബാബു എം. ജേക്കബ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

എ.എച്.പിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും താന്‍ രാജിവെച്ചതായി പ്രതീഷ് വിശ്വനാഥന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സാങ്കേതികമായ ചില നീക്കങ്ങള്‍ മാത്രമാണെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ മുതല്‍ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ വരെയുള്ള എ.എച്.പിയുടെ എല്ലാ വിഭാഗങ്ങളെയും ഇപ്പോഴും നിയന്ത്രിക്കുന്നത് പ്രതീഷ് വിശ്വനാഥന്‍ തന്നെയാണെന്നുമാണ് സംഘനടയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇന്ത്യയിലെ ആര്‍.എസ്.എസിന് അവരുടെ കയ്യിലുള്ള അധികാരം നഷ്ടപ്പെടാതിരിക്കാന്‍ എപ്പോഴും ഒത്തുതീര്‍പ്പുകളിലേക്ക് പോകണ്ടി വരുന്നുവെന്നും അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടി പോരാടാന്‍ മറ്റൊരു പ്രബലമായ രാഷ്ട്രീയ ശക്തി വേണെമന്നുമാണ് എ.എച്.പി നിരന്തരം ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വസംരക്ഷണത്തിന്റെ പടയാളികളായി തങ്ങളെ സ്വയം അവരോധിച്ച് ശബരിമല മുതല്‍ ഒടുവില്‍ ഇപ്പോഴത്തെ മിന്നല്‍ മുരളി സെറ്റ് തകര്‍ക്കല്‍ വരെയുള്ള അക്രമങ്ങളിലൂടെ ഹിന്ദു യുവാക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണിവര്‍ എന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more