മുംബൈ: രാഷ്ട്രീയ കരുനീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക വഴി ബി.ജെ.പി നാണക്കേടിന്റെ എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞെന്ന് കോണ്‍ഗ്രസ്.
സത്യപ്രതിജ്ഞ നടത്തിയത് പോലും രഹസ്യമായിട്ടാണെന്നും നടപടി ക്രമങ്ങളൊന്നും പാലിച്ചില്ലെന്നും മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്ത ദിവസമാണ് ഇന്നെന്നും കോണ്‍ഗ്രസ് നേതാവ് ഹമ്മദ് പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നുകൊണ്ടുള്ള അജിത് പവാറിന്റെ നീക്കം അത്ഭുതപ്പെടുത്തി. ശിവസേനയും എന്‍.സി.പിയുമായും നല്ല രീതിയില്‍ ചര്‍ച്ച നടന്നിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഭാഗത്തു നിന്നും കാലതാമസം ഉണ്ടായിട്ടില്ല. എല്ലാവിഷയങ്ങളിലും ഞങ്ങള്‍ ധാരണയിലെത്തിയിരുന്നു.
എവിടെയോ ചിലത് ചീഞ്ഞ് നാറുന്നുണ്ട്. ബി.ജെ.പി ഭരണഘടനയെ അപമാനിച്ചിരിക്കുകയാണ്. അജിത് പവാറിനെതിരെ നടപടിയെടുക്കേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ടത് എന്‍.സി.പിയാണ്.
ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വഞ്ചനയാണ് ഇത്. എന്‍.സി.പി- ബി.ജെ.പി സഖ്യം വിശ്വാസം തെളിയിക്കില്ല. മഹാ വികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കും.
ബി.ജെ.പിക്കെതിരെ രാഷ്ട്രീയപരമായും നിയമപരമായും പോരാടും. എല്ലാ എം.എല്‍.എമാരും ഞങ്ങള്‍ക്കൊപ്പമുണ്ട്. രണ്ട് എം.എല്‍.എമാര്‍ അവരുടെ ഗ്രാമത്തിലാണ് ഉള്ളത്. ബി.ജെ.പിയെ നേരിടാന്‍ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം തയ്യാറാണ്.
സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് ഇപ്പോഴും വിശ്വാസമുണ്ട്. അതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഒരു പദ്ധതി ഉണ്ടാക്കുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ