ന്യൂദല്‍ഹി: ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് സോണിയാഗാന്ധി നേരത്തെ പറഞ്ഞിരുന്നതായി അഹമ്മദ് പട്ടേല്‍. നേതൃമാറ്റം ഉന്നയിച്ച് സോണിയാ ഗാന്ധിക്ക് കത്തയക്കരുത് പകരം നേരിട്ട് അറിയിക്കണമെന്ന് രണ്ട് നേതാക്കളോട് താന്‍ പറഞ്ഞിരുന്നതായും അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഇന്ത്യടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളോട് കഴിഞ്ഞ വര്‍ഷമേ സോണിയാഗാന്ധി പറഞ്ഞിരുന്നു ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളെ അധ്യക്ഷനാക്കണമെന്ന്. സോണിയമാത്രമല്ല, രാഹുലും പാര്‍ട്ടിക്കകത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളെ കോണ്‍ഗ്രസ് നേതൃത്വമേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടും അവരെ നിര്‍ബന്ധിച്ച് ഇടക്കാല അധ്യക്ഷയാക്കുകയായിരുന്നു,’ അഹമ്മദ് പട്ടേല്‍ പറഞ്ഞു.
സോണിയാഗാന്ധിക്ക് കത്തയക്കുന്നതിന് പകരം അവരോട് വ്യക്തിപരമായി സംസാരിക്കാന്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയോടും ആനന്ദ് ശര്‍മയോടും പറഞ്ഞിരുന്നെങ്കിലും ഇരുവരും പിന്നീട് കത്തയക്കാന്‍ ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കത്തയക്കുന്നതിനൊപ്പം ഉണ്ടാവില്ലെന്ന് അവര്‍ എനിക്ക് ഉറപ്പ് തന്നിരുന്നതാണ്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യ സംവിധാനമുണ്ടെന്നും നേതാക്കളുടെ വിയോജിപ്പ് മറ്റെവിടെയെങ്കിലും പറയുന്നതിന് മുമ്പ് പാര്‍ട്ടിക്കകത്താണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ സംസാരിക്കുന്നതിനിടയില്‍ ആനന്ദ് ശര്‍മയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അഹമ്മദ് പട്ടേല്‍ കൂടുതലും സംസാരിച്ചിരുന്നത്. ഇത്ര വൈരുദ്ധ്യം നിറഞ്ഞ ഒരു കത്ത് നിങ്ങള്‍ക്ക് എങ്ങനെ തയ്യാറാക്കാന്‍ കഴിഞ്ഞെന്ന് അഹമ്മദ് പട്ടേല്‍ ആനന്ദ് ശര്‍മയോട് ചോദിച്ചതായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സോണിയയ്ക്ക് കത്തയച്ചത് ഉത്തമമായ ബോധ്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള താല്‍പ്പര്യത്താലുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ നിലവിലെ അന്തരീക്ഷത്തില്‍ ഭരണഘടനാമൂല്യങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് കത്തിനാധാരമെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയ്ക്ക് അയച്ച കത്ത് തന്റെ സഹപ്രവര്‍ത്തകരും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയ്ക്കെതിരെ പോരാടാന്‍ ശക്തമായ പ്രതിപക്ഷം ഇന്ത്യയ്ക്ക് വേണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ആറ് മാസത്തേക്ക് കൂടി അധ്യക്ഷയായി തെരഞ്ഞെടുത്തിരുന്നു. 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.
ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്.
പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂര്‍ണസമയ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയിലെ ഒരുപക്ഷത്തിനിടയില്‍ അതൃപ്തിക്കിടയാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക