അഹമദ്‌നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സന്ദേശമയച്ചെന്ന പേരില്‍ മഹാരാഷ്ട്രയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. വാട്‌സ്ആപ്പിലൂടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്ന് അഹമദ്‌നഗര്‍ പൊലീസ് പറഞ്ഞു.
മഹാരാഷ്ട്ര കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ ബാലാസാഹേബ് ത്രോട്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രമേഷ് ഷിന്‍ഡെയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഷിന്‍ഡെ മോദിയെ വിമര്‍ശിക്കുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവം ഗൗരവമായി എടുത്തിരിക്കുകയാണെന്നും അന്വേഷണത്തിനു ഉത്തരവിട്ടതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. “ശനിയാഴ്ചയാണ് ഷിന്‍ഡെക്കെതിരെ നടപടിയെടുത്തത്. കേസില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.” അഹമ്മദ്‌നഗര്‍ പൊലീസ് സൂപ്രണ്ട് രജന്‍കുമാര്‍ ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞദിവസം ബംഗളൂരുവിലും മോദിക്കെതിരെ സോഷ്യല്‍മീഡിയ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലെ നടപടി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച സൈനികനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.ആര്‍.പി.എഫ് ജവാനായ പങ്കജ് മിശ്രയെയാണ് ഗുവാഹത്തി പാലീസ് അറസ്റ്റ് ചെയ്തത്.