| Wednesday, 10th February 2016, 11:00 am

അഹമ്മബാദിലെ സീബ്രാലൈനും സ്പീഡ് ബ്രേക്കര്‍ ലൈനും കാവി പൂശി; പ്രതിക്കൂട്ടിലായി ട്രാഫിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അഹമ്മദാബാദിലെ സീബ്രാലൈനും സ്പീഡ് ബംപുകളും പൊടുന്നനെ കാവിയില്‍ മുങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ അമ്പരന്നത് ജനങ്ങളാണ്.

രാവിലെ റോഡിലിറങ്ങിയ ജനങ്ങള്‍ കാണുന്നത് മഞ്ഞ നിറത്തില്‍ വേണ്ട സ്പീഡ് ബംപുകള്‍ കാവിയില്‍ മുങ്ങി നില്‍ക്കുന്നതാണ്. വെള്ള നിറത്തില്‍ വേണ്ട സീബ്രാക്രോസിങ്ങിന്റേയും നിറം കാവി തന്നെ.

ട്രാഫിക് നിയമാവലിയില്ലാത്ത നിറമാണ് കാവി. അഹമ്മദാബാദ് പോലീസിന്റേയും ട്രാഫിക്കിന്റേയും തികഞ്ഞ അവഗണനയും ജാഗ്രതിയല്ലായ്മയുമാണ് ഇത്തരമൊരു സംഗതി നടന്നതിന് പിന്നിലെന്നാണ് ആക്ഷേപം.

അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള റോഡ് ബില്‍ഡിങ് വകുപ്പാണ് റോഡില്‍ ഈ പുതിയ പരിഷ്‌കാരം വരുത്തിയത്. കറുപ്പ് നിറമുള്ള റോഡില്‍ കാവി വര വരച്ചാല്‍ അത് തെളിഞ്ഞ് കാണില്ലെന്നും ഇത് കണ്ട് ചിരിയാണ് വന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം രാത്രി നടന്ന പെയിന്റിങ്ങില്‍ അഹമ്മദാബാദിലെ മിക്ക സ്പീഡ് ബ്രേക്കര്‍ ലൈനുകളിലും വരച്ചത് കാവി തന്നെയാണ്. കറുപ്പില്‍ മഞ്ഞ വരയും വെള്ള വരയുമാണ് സാധാരണ വരയ്ക്കാറ്. അതാണ് നിയമം. റോഡ് മാര്‍ക്കിങ്ങിന് വിരുദ്ധമായ നിറമാണ് കാവിയെന്ന് പോലീസ് വ്യക്തമാക്കുന്നു.

അഹമ്മദാബാദിലെ ആറ് മേഖലകളിലുള്ള 14 ഓളം റോഡുകളിലാണ് കാവി പെയിന്റ് അടിച്ചത്. മനപൂര്‍വമല്ല ഇതെന്നും അബദ്ധം പറ്റിയതാണെന്നും റോഡ് ആന്‍ഡ് ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജതിന്‍ പട്ടേല്‍ പറഞ്ഞു. അബദ്ധം പറ്റിയെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ നിറം മാറ്റിയടിക്കുമെന്നും എഞ്ചിനിയറിങ് ഡിപാര്‍ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഉടന്‍ തന്നെ സ്പീഡ് ബംപുകള്‍ക്ക് മഞ്ഞ നിറവും സീബ്രാക്രോസിങ്ങുകള്‍ക്ക് വെള്ള പെയിന്റുകളും അടിയ്ക്കുമെന്ന് സിറ്റി ട്രാഫിക് പോലീസും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more