അഹമ്മദാബാദ്: ഗുജറാത്തിൽ കൊവിഡ് രോഗി മരിച്ചുവെന്നും ഇല്ലെന്നും പറഞ്ഞ് വീട്ടുകാരെ ആശങ്കയിലാക്കി
ആശുപത്രി അധികൃതർ. അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലാണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ച ദേവ്രാമ്പായി ബിസികാറിന്റെ മൃതദേഹം വീട്ടുകാർ കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് സംസ്കരിച്ച് തിരികെയെത്തിയപ്പോഴാണ് ആശുപത്രിയിൽ നിന്നു തന്നെ രോഗി സുഖമായി ഇരിക്കുന്നുവെന്നും മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുമുണ്ട് എന്ന് പറഞ്ഞ് കോൾ വന്നത്. തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോൾ ഫോൺ കോൾ മാറിവന്നതാണ് എന്ന് വിശദീകരണം നൽകുകയായിരുന്നു.
കൊവിഡ് 19 പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിൽ പൊതിഞ്ഞത് കൊണ്ട് വീട്ടുകാർക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിച്ചിരുന്നില്ല. ഇതാണ് വീട്ടുകാരെ ആശങ്കയിലാക്കിയത്. രോഗി മരിച്ചുവെന്ന ധാരണയിൽ വീട്ടുകാർ നിൽക്കുമ്പോൾ വീണ്ടും ആശുപത്രിയിൽ നിന്നും തന്നെ അദ്ദേഹത്തിന് കൊവിഡില്ലെന്നും ടെസ്റ്റ് നെഗറ്റീവാണെന്നും പറഞ്ഞ് രണ്ടാമതും ഫോൺ കോൾ വന്നു.
മരിച്ചയാൾക്ക് യഥാർത്ഥത്തിൽ കൊവിഡ് ഇല്ലായിരുന്നുവെന്നും ഷുഗർ ലെവൽ കൂടിയതാണ് മരണകാരണമെന്നും അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ ഡോക്ടർ ശശാങ്ക് ജെ.പാണ്ഡ്യ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം സംഭവിച്ചതിന് ശേഷമാണ് കൊവിഡ് റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിയുന്നതെന്നും ഇതുകൊണ്ടാണ് വീണ്ടും ആശുപത്രിയിൽ നിന്ന് ഫോൺ വരാൻ ഇടയായതെന്നും ഡോക്ടർ പറഞ്ഞു.
മെയ് 28 നാണ് കൊവിഡ് 19 രോഗലക്ഷണങ്ങളോട് കൂടി ബിസികാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മെയ് 29നാണ് അദ്ദേഹം മരണപ്പെട്ടുവെന്ന വാർത്ത വീട്ടുകാർ അറിയുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ കൊവിഡ് റിസൾട്ട് വന്നിരുന്നില്ല. എന്നാൽ തങ്ങൾ ഇപ്പോഴും യഥാർത്ഥത്തിൽ ബിസികാർ മരിച്ചുവോ ഇല്ലയോ എന്ന ആശങ്കയിലാണ് എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക