| Monday, 27th August 2018, 11:43 pm

750 കോടിയുടെ നോട്ടു മാറ്റിയെന്ന വാദം കഴമ്പില്ലാത്തത്: രാഹുലിനും സുര്‍ജേവാലയ്ക്കുമെതിരെ അമിത് ഷായുടെ ബാങ്കിന്റെ മാനനഷ്ടക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രാഹുല്‍ ഗാന്ധിയ്ക്കും രണ്‍ദീപ് സിംഗ് സുര്‍ജേവാലയക്കുമെതിരെ മാനനഷ്ടക്കേസ്. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരിക്കുന്നത്. നോട്ടുനിരോധനം കഴിഞ്ഞുള്ള അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 750 കോടി രൂപയോളം ബാങ്ക് മാറ്റിയെടുത്തെന്ന ആരോപണത്തിനെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ബാങ്കിനെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ കൊണ്ടുവന്നു എന്നതാണ് ഇരുവര്‍ക്കുമെതിരെ ബാങ്കും ചെയര്‍മാന്‍ അജയ് പട്ടേലും ചേര്‍ന്നു നല്‍കിയിട്ടുള്ള പരാതി. കേസ് നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Also Read: രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യം വെക്കാത്തതില്‍ സന്തോഷം, ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം: ശരദ് പവാര്‍

2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനകം 745.59 കോടി രൂപയുടെ നോട്ടുകളാണ് നിക്ഷേപമായി ബാങ്കിലെത്തിയതെന്ന് രാഹുലും സുര്‍ജേവാലയും ആരോപിച്ചുവെന്നാണ് ബാങ്കിന്റെ പരാതി. വിഷയവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ ഹര്‍ജിയ്ക്ക് നബാര്‍ഡ് മറുപടി നല്‍കിയതിനടുത്ത ദിവസമാണ് ഇരുവരുടെയും പ്രസ്താവന പുറത്തുവന്നത്.

ഇത്ര വലിയ തുക തങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് ബാങ്കിന്റെ വാദം. “അഭിനന്ദനങ്ങള്‍ അമിത് ഷാ ജി, പഴയ നോട്ടുകള്‍ മാറ്റി പുതിയതാക്കുന്ന മത്സരത്തില്‍ നിങ്ങളുടെ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു.” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ ട്വീറ്റ്.

അമിത് ഷായ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് മോദി മുന്നോട്ടു വന്ന് മറുപടി നല്‍കണമെന്ന് സുര്‍ജേവാലയും ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more