| Monday, 26th August 2024, 1:47 pm

പാകിസ്ഥാന്‍ ഇങ്ങനെ നശിക്കുന്നത് എന്റെ ജീവിതത്തില്‍ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല; തോല്‍വിയില്‍ ആഞ്ഞടിച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരെ പത്ത് വിക്കറ്റിന് തോല്‍പിച്ച് ബംഗ്ലാദേശ്. റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ബംഗ്ലാ കടുവകള്‍ ചരിത്രവിജയമെഴുതിയത്.

ആദ്യ ഇന്നിങ്സ് ലീഡ് നേടുകയും രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നുമാണ് ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചുകയറിയത്.

ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനോട് പരാജയപ്പെടുന്നത്. ഈ തോല്‍വിയില്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയാണ് അഹമ്മദ് ഷഹസാദ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സ്ഥിതിയെന്തെന്നാല്‍ അവരിപ്പോള്‍ ബംഗ്ലാദേശിനോട് ടെസ്റ്റ് ചരിത്രത്തിലെ ആദ്യ തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. ആ തോല്‍വിയാകട്ടെ സ്വന്തം മണ്ണിലും. പാകിസ്ഥാന്‍ ക്രിക്കറ്റ് ഇങ്ങനെ തകര്‍ന്നടിയുന്നത് ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല.

ഞാന്‍ ഇക്കാര്യം ഇതിന് മുമ്പും പല തവണ പറഞ്ഞിട്ടുള്ളതാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ഇരുട്ടിലേക്ക് നിങ്ങിക്കൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക് കുറച്ചുകാലത്തേക്ക് മാത്രമായുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കില്ല.

ഹോക്കിയിലേതെന്ന പോലെയാണ് ഇപ്പോഴുള്ള സാഹചര്യം. ബംഗ്ലാദേശ് നമ്മളെ ഒരിക്കലും തോല്‍പിക്കുമെന്ന് നമ്മള്‍ കരുതിയതല്ല, എന്നാല്‍ അവര്‍ നമ്മളെ തോല്‍പിച്ചു. ഇതൊരിക്കലും താരങ്ങളുടെ തെറ്റല്ല. ഇതിന് കാരണം ക്രിക്കറ്റ് ബോര്‍ഡാണ്.

തങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താരങ്ങള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ക്രിക്കറ്റ് ബോര്‍ഡാണ് ഒരേ താരങ്ങളെ വീണ്ടും വീണ്ടും കളിപ്പിക്കുന്നത്. അവര്‍ ആഭ്യന്തര താരങ്ങളെ കടന്നുവരാന്‍ അനുവദിക്കുന്നില്ല.

നിങ്ങള്‍ക്ക് നിലവിലെ താരങ്ങള്‍ക്ക് പകരക്കാരായി ആഭ്യന്തര താരങ്ങളെ കൊണ്ടുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇത്ര കാലം നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത്?’ ഷഹസാദ് ചോദിച്ചു.

അതേസമയം, ആദ്യ ഇന്നിങ്സ് ലീഡ് നേടുകയും രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടന്നുമാണ് ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചുകയറിയത്.

സ്‌കോര്‍

പാകിസ്ഥാന്‍: 448/6d & 146
ബംഗ്ലാദേശ്: 565 &30/0 (T:30)

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ താരം സൗദ് ഷക്കീലിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെയും കരുത്തിലാണ് പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഷക്കീല്‍ 261 പന്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ 239 പന്തില്‍ പുറത്താകാതെ 171 റണ്‍സാണ് റിസ്വാന്‍ നേടിയത്. ഒടുവില്‍ ആറ് വിക്കറ്റിന് 448 എന്ന നിലയില്‍ നില്‍ക്കവെ പാകിസ്ഥാന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമിന്റെ കരുത്തിലാണ് ബംഗ്ലാദേശ് തിരിച്ചടിച്ചത്. 341 പന്ത് നേരിട്ട് 191 റണ്‍സാണ് താരം നേടിയത്. തന്റെ ടെസ്റ്റ് ചരിത്രത്തിലെ നാലാം അന്താരാഷ്ട്ര ഇരട്ട സെഞ്ച്വറിക്ക് ഒമ്പത് റണ്‍സകലെ മുഷ്ഫിഖര്‍ വീഴുകയായിരുന്നു.

മുഷ്ഫിഖറിന് പുറമെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഷദ്മാന്‍ ഇസ്ലാം (183 പന്തില്‍ 93), ലിട്ടണ്‍ ദാസ് (78 പന്തില്‍ 56), മോമിനുല്‍ ഹഖ് (76 പന്തില്‍ 56) എന്നിവര്‍ ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു.

തങ്ങളുടെ എക്‌സ്പ്രസ് പേസിന്റെ കരുത്തില്‍ ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കാമെന്ന് കരുതി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പാകിസ്ഥാനെ ഞെട്ടിച്ച് 565 റണ്‍സാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ സ്വന്തമാക്കിയത്. 117 റണ്‍സിന്റെ ലീഡും ടീം സ്വന്തമാക്കി.

117 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. 50 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 37 റണ്‍സടിച്ച അബ്ദുള്ള ഷഫീഖും മാത്രമാണ് പിടിച്ചുനിന്നത്.

ഒടുവില്‍ 146 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയും 30 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് മുമ്പില്‍ വെക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 30 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.

ഓഗസ്റ്റ് 30നാണ് പരമ്പരയിലെ രണ്ടാം മത്സരം. റാവല്‍പിണ്ടി തന്നെയാണ് വേദി.

Content Highlight: Ahmed Shehzad slams Pakistan cricket board

 
We use cookies to give you the best possible experience. Learn more