സച്ചിന്‍ വിരമിച്ചപ്പോള്‍ മാത്രമല്ല ആളുകള്‍ കളി കാണല്‍ നിര്‍ത്തിയത്; തന്നെ ടീമില്‍ നിന്നും പുറത്താക്കിയപ്പോള്‍ ഒരുപാട് പേര്‍ കളി കാണുന്നത് നിര്‍ത്തിയെന്ന് അഹ്മദ് ഷെഹ്‌സാദ്
ഒരുകാലത്ത് പാകിസ്ഥാന്‍ ടീമിന്റെ ബാറ്റിങ് കരുത്തായിരുന്നു അഹ്മദ് ഷെഹ്‌സാദ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി നിരന്തരം അഹ്മദ് ഷെഹ്‌സാദിനെ പാകിസ്ഥാന്‍ ആരാധകര്‍ താരതമ്യപ്പെടുത്തിയിരുന്നു.
പാകിസ്ഥാന് വേണ്ടി ഓപ്പണിങ് പൊസിഷനില്‍ കളിച്ചുകൊണ്ടിരുന്ന ഷെഹ്‌സാദ് ഒരു കാലത്തിന് ശേഷം ഔട്ട് ഓഫ് ഫോം ആകുകയും പിന്നീട് ടീമില്‍ നിന്നും പുറത്താകുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കൗതുകമുണര്‍ത്തുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് താരം. താന്‍ കളിക്കളത്തില്‍ നിന്നും പുറത്തായതോടെ ഒരുപാട് ആരാധകര്‍ ക്രിക്കറ്റ് കാണുന്നത് നിര്‍ത്തിയെന്നാണ് ഷെഹ്‌സാദിന്റെ വാദം.
സോഷ്യല്‍ മീഡിയ ഇത് അംഗീകരിക്കണമെന്നില്ല എന്നാല്‍ ശരിക്കുമുള്ള ലോകത്ത് കുറേ പേര്‍ തന്നോട് ഇത് പറഞ്ഞെന്നാണ് ഷെഹ്‌സാദ് പറയുന്നത്.
‘സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് ഒരു ലോകം മുഴുവനുമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ആരാധകരെ കാണുമ്പോള്‍, ഞാന്‍ ഇല്ലാത്തതിനാല്‍ ക്രിക്കറ്റ് കാണുന്നത് ഉപേക്ഷിച്ചുവെന്ന് അവര്‍ എന്നോട് പറയാറുണ്ട്. എന്നാല്‍ മറ്റുചിലര്‍ അവര്‍ക്ക് മുന്‍ ടീമിനെയായിരുന്നു കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് എന്നും അവകാശപ്പെടുന്നു,’ ഷെഹ്‌സാദ് പറഞ്ഞു.
കഠിനാധ്വാനം കാരണമാണ് ടീമിലെത്തിയത്. പാകിസ്ഥാന്‍ ടീമിലെത്തിയത് ഭാഗ്യമായാണ് കാണുന്നതെന്നും താരം പറഞ്ഞു.
‘പാകിസ്ഥാനുവേണ്ടി കളിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അന്ന് ടീമില്‍ നിരവധി ഓപ്പണര്‍മാര്‍ ഉണ്ടായിരുന്നു. വിധി നിഗൂഢമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ നിങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം, ”ഷെഹ്‌സാദ് ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു.
2019ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി-20 പരമ്പരയിലാണ് താരം അവസാനമായി പാക് ജേഴ്‌സി അണിഞ്ഞത്.