| Wednesday, 1st November 2017, 11:03 am

പറഞ്ഞത് പ്രവാസികള്‍ വീട്ടിലേക്ക് പണമയക്കുന്നതിനെയും ആഗോള ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ചും: ഇന്ത്യാ ടുഡേ സ്റ്റിങ് കെട്ടുകഥയെന്ന് അഹമ്മദ് ഷെരീഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യാ ടുഡേ സ്റ്റിങ് ഓപ്പറേഷന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി തേജസ് അസോസിയേറ്റ് എഡിറ്റര്‍ അഹമ്മദ് ഷെരീഫ്. ഒന്നരമാസം മുമ്പ് ദല്‍ഹിയിലെ ഒരു ഹോട്ടലില്‍ സുഹൃത്തുമായി നടത്തിയ സംഭാഷണം എടുത്ത് പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച്
ചോദ്യങ്ങള്‍ ഫിറ്റ് ചെയ്തു സൃഷ്ടിച്ച കെട്ടുകഥയാണ് ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടെന്നാണ് അഹമ്മദ് ഷെരീഫ് അവകാശപ്പെടുന്നത്.

പ്രവാസികള്‍ വീട്ടിലേക്ക് പണം അയക്കുന്നതുമായി ബന്ധപ്പെട്ടും ആഗോള ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ചും താന്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്ത് തെറ്റായ ചോദ്യങ്ങള്‍ ഫിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നാണ് അഹമ്മദ് ഷെരീഫ് ഫേസ്ബുക്കിലൂടെ നല്‍കുന്ന വിശദീകരണം. ഹവാല ഇന്ത്യയിലെങ്ങും വരുന്നതുപോലെ കേരളത്തിലും വരുന്നുണ്ട് എന്നാണ് താന്‍ പറഞ്ഞത്. ആഗോള ഇസ് ലാമിക നവോത്ഥാനം എന്നത് എല്ലാ മുസ് ലീങ്ങളും ലോകാടിസ്ഥാനത്തില്‍ ഒരു കടമയായി കാണുന്നതാണെന്നും പറഞ്ഞിരുന്നു. ഈ സംസാരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

പോപ്പുലര്‍ ഫ്രണ്ടിനായി ആരോടും പണം പിരിച്ചിട്ടില്ല. ആര്‍ക്കും അയച്ചിട്ടുമില്ല. ഇസ്‌ലാമിക് സ്റ്റേറ്റിനായി നാവോ പേനയോ ചലിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയുടെ ഈ റിപ്പോര്‍ട്ടിനെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയായി പൊതുനിരത്തിലൂടെ നടത്തിച്ചു


“എന്റെ ഒരു ദല്‍ഹി ജേണലിസ്റ്റ് സുഹൃത്ത് ഒന്നരമാസം മുമ്പ് കണ്ടിരുന്നു. ഒരു ചായ കുടിച്ചു കുറേനേരം ഒരുഹോട്ടലില്‍ ഇരുന്ന് നാട്ടിലെ പല കാര്യങ്ങളും സംസാരിക്കുകയുണ്ടായി. അതില്‍ അറബിക്കല്ല്യാണം, മുത്തലാഖ്, സ്ത്രീ വിദ്യാഭ്യാസം, പര്‍ദ്ദ, കള്ളപ്പണം, ഹവാല തുടങ്ങി പലതും വന്നിരുന്നു.” അദ്ദേഹം വിശദീകരിക്കുന്നു.

“ഇതില്‍ ഹവാല ഇന്ത്യയിലെങ്ങും വരുന്നതുപോലെ കേരളത്തിലും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പ്രവാസികള്‍വീട്ടിലേക്ക് പണം അയക്കുന്നതിനെക്കുറിച്ച് രണ്ടുവഴിയിലും എന്നും പറഞ്ഞിരുന്നു. ഞാന്‍ എത്ര വീട്ടിലേക്ക് അയച്ചു എന്നതിന് പത്തുവര്‍ഷത്തിനിടെ പത്ത് ഉണ്ടാവും എന്നും പറയുകയുണ്ടായി. ആഗോള ഇസ്‌ലാമിക നവോത്ഥാനം എന്നത് എല്ലാ മുസ്‌ലീങ്ങളും ലോകാടിസ്ഥാനത്തില്‍ ഒരു കടമയായി കാണുന്നതാണെന്നും സംസാരത്തില്‍ വരികയുണ്ടായി.”

“എന്നാല്‍ ഇത് പരിചയക്കാരനായ ഒരു പത്രസുഹൃത്ത് രഹസ്യമായി റിക്കാര്‍ഡ് ചെയ്യുമെന്ന് കരുതിയിരുന്നില്ല. ഇപ്പോള്‍ ഒരു ചാനലിലും ജോലി ചെയ്യുന്നില്ലെന്നും പറഞ്ഞതിനാല്‍ അയാളെ അവിശ്വസിച്ചില്ല. ഈ സംസാരങ്ങള്‍ എടുത്ത് പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച ചോദ്യങ്ങള്‍ ഫിറ്റ് ചെയ്ത് കെട്ടുകഥകള്‍ സൃഷ്ടിക്കുമെന്ന് കാണാതിരുന്നത് എന്റെ പിഴ.” എന്നും അദ്ദേഹം പറയുന്നു.

അഹമ്മദ് ഷെരീഫിനെ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക മേധാവിയെന്നു വിശേഷിപ്പിച്ച ഇന്ത്യാ ടുഡേയുടെ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട പത്രസ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ മാത്രമായ തന്നെ ഇന്ത്യ ടുഡേ പി.എഫിന്റെ സ്ഥാപക മെമ്പറാക്കിയിരിക്കുന്നു. താന്‍ പി.എഫിന്റെ വക്താവല്ലെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമാണ് അഹമ്മദ് ഷെരീഫിനെതിരെ ആരോപണമുയര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടത്.

വീഡിയോയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണരൂപം വായിക്കാം

We use cookies to give you the best possible experience. Learn more