ന്യൂദല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണം കൊണ്ടുവരാനുള്ള ഗൂഢാലോചനയുടെ ഫലമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. സംസ്ഥാന സര്‍ക്കാരുകളും ഭരണഘടനാസംവിധാനങ്ങളും സ്വന്തം കടമ ചെയ്യാതെ സ്വയം ഒഴിഞ്ഞ് മാറുകയാണെന്നും ഇതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടാവാമെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് എഴുതിയ വ്യക്തമാക്കി.
രാഷ്ട്രീയചായ്‌വുകള്‍ നോക്കാതെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് ശക്തമായി നടപടിയെടുപ്പിക്കണമെന്നും അദ്ദേഹം തന്റെ കത്തില്‍ ആവശ്യപ്പെട്ടു.
സ്ഥാപിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വര്‍ഗീയസംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read പശുക്കളെ മോഷ്ടിച്ചു കടത്തിയെന്ന് ആരോപണം; ത്രിപുരയില്‍ കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന വാഹനം അക്രമികള്‍ കത്തിച്ചു
ബിഹാറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടുന്നു, ബംഗാളില്‍ കേന്ദ്രമന്ത്രി വര്‍ഗീയതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു ഇത്തരത്തില്‍ ഈ ആക്രമണങ്ങള്‍ക്ക് എല്ലാം ഒരു പൊതു സ്വഭാവം ഉണ്ടെന്നും ഇതെല്ലാം അടുത്തിടെയായി കാണാത്ത സംഭവവികാസങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ചേര്‍ന്നു സന്തോഷമായി നടത്തുന്ന മത ചടങ്ങുകളും ഉത്സവങ്ങളും ചില സ്ഥാപിത താല്‍പര്യക്കാര്‍ അതിനെ മറ്റൊരു മതത്തിനെതിരെ തിരിച്ചുവിട്ടു വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും ഇത്തരം വിശുദ്ധ ഉത്സവങ്ങള്‍ ആഘോഷിക്കാനല്ല, പകരം ഭയത്തിന്റെയും വിരട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ അഹമ്മദ് പട്ടേല്‍ ചൂണ്ടികാട്ടുന്നു.ഇത്തരത്തില്‍ വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നത് നമ്മുടെ വികസനത്തിന്റെ മുന്നേറ്റത്തെ ബാധിക്കുമോയെന്ന ഭയമുണ്ടെന്നും പട്ടേല്‍ വ്യക്തമാക്കി.
അതേ സമയം രാമനവമിയോട് അനുബന്ധിച്ച് ഔറംഗാബാദില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയെന്ന് സംശയിക്കപ്പെടുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അനില്‍ സിങ് കഴിഞ്ഞ ദിവസം കീഴടങ്ങി. ഇയാള്‍ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായിരുന്നു. അനില്‍ സിങ്ങിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read It ഹിമാചലിലും കര്‍ഷകര്‍ തെരുവിലേക്ക്; അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ നിയമസഭാ മന്ദിരം വളയും
മാര്‍ച്ച് 25നും 26നും നടന്ന രാമ നവമി ആഘോഷ വേളയിലാണ് ഔറംഗാബാദില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് അനില്‍ സിങ്ങടക്കം 150 പേര്‍ കസ്റ്റഡിയിലായിരുന്നു. 29ാം തിയ്യതിയാണ് സിങ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്.
അനില്‍ സിങ് ഹിന്ദുസേവാ സമിതിയുടെ പ്രവര്‍ത്തകനാണ്. ഇയാള്‍ രക്ഷപ്പെട്ടതോടെ കേസില്‍ പൊലീസ് പുതിയ എഫ്.ഐ.ആര്‍ എടുത്തിരുന്നു. 2007ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സിങ് 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ സിംഗിന്റെ പ്രധാന പ്രചാരകന്‍ കൂടിയായിരുന്നു.
ബീഹാറില്‍ ഔറംഗാബാദിന് പുറമെ രാമ നവമിയുമായി ബന്ധപ്പെട്ട് നവാദ, സമസ്തിപൂര്‍, മുന്‍ഗര്‍, ഭഗല്‍പൂര്‍, നളന്ദ എന്നീ സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മാര്‍ച്ച് 17ന് ഭഗല്‍പൂരിലായിരുന്നു ആക്രമണങ്ങളുടെ തുടക്കം. ഭഗല്‍പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി ചൗബേയുടെ മകനായ അരിജിത് ശാശ്വതിനെ അറസ്റ്റ് ചെയ്തിരുന്നു.
DoolNews Video