| Wednesday, 6th November 2019, 12:12 pm

മഹാരാഷ്ട്രയില്‍ പുതിയ വഴിത്തിരിവ്; നിതിന്‍ ഗഡ്ഗരിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവേ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.

ദല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ മഹാരാഷ്ട്ര രാഷ്ട്രീയമല്ല തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും സ്വാഭാവിക കൂടിക്കാഴ്ച മാത്രമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കര്‍ഷക പ്രശ്നങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനാണ് ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര രാഷ്ട്രീയം ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയും സേനയും തമ്മിലുള്ള അധികാര സംഘര്‍ഷം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നിയോഗിക്കാന്‍ ശിവസേന നേതാവ് കിഷോര്‍ തിവാരി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പട്ടേല്‍ ഗഡ്കരി കൂടിക്കാഴ്ച.

മഹാരാഷ്ട്രയിലെ പ്രശ്‌നത്തില്‍ ഗഡ്ഗരി ഇടപെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥിതി പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു ഭാഗവത്തിന് എഴുതിയ കത്തില്‍ തിവാരി പറഞ്ഞത്.

അതേസമയം, മറുവശത്ത് ശിവസേന എന്‍സി.പിയുമായി വീണ്ടും ചര്‍ച്ച നടത്തി. എന്‍.സി.പി മേധാവി ശരദ് പവാറിനെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് കണ്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സഞ്ജയ് റാവത്ത് പവാറിനെ കാണുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”അദ്ദേഹം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മുതിര്‍ന്ന നേതാവാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്. നിലവിലെ സാചര്യങ്ങള്‍ വിലയിരുത്തി. കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല.”- എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

ബി.ജെ.പിയുമായുള്ള ബന്ധം ശിവസേന ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്താമെന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി പറഞ്ഞിരുന്നു. ഒക്ടോബര്‍ 24 ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

മുഖ്യമന്ത്രി പദമൊഴികെ ശിവസേന പറയുന്ന മറ്റെന്ത് ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് ബി.ജെ.പിയുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടില്‍ ശിവസേനയും ഉറച്ചുനില്‍ക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more