ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് കോണ്‍ഗ്രസിനുണ്ടായത്. അതിനെ തുടര്‍ന്ന് ദേശീയ അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി രാജിവെച്ചു. നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുതിയ അദ്ധ്യക്ഷയായി സോണിയാ ഗാന്ധി വരാന്‍ രണ്ടര മാസത്തോളമെടുത്തു. ഇത്രയും ദുര്‍ഘടമായ അവസ്ഥയിലൂടെ കടന്നുപോയിരുന്ന കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. അധികാരത്തിലെത്താനായില്ലെങ്കിലും തിരികെ വരാം എന്ന ആത്മവിശ്വാസമാണ് ഈ ഫലങ്ങള്‍ നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് മടങ്ങി വരുന്നു എന്ന് സൂചനകള്‍ നല്‍കുന്ന ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ മറ്റൊരു കാര്യം കൂടി കോണ്‍ഗ്രസില്‍ സംഭവിക്കുകയാണ്. പഴയ പടക്കുതിരകള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കാന്‍ വീണ്ടും എത്തുന്നു എന്നതാണത്.
രാഷ്ട്രീയ വൃത്തങ്ങളില്‍ എ.പി എന്നറിയപ്പെടുന്ന അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ശക്തരാവുന്ന കാഴ്ചയാണ് ഇപ്പോള്‍ ദല്‍ഹിയിലുള്ളത്.
സോണിയാ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി വീണ്ടും എത്തിയപ്പോള്‍ ആദ്യം ചെയ്തത് അഹമ്മദ് പട്ടേലിനെ വിശ്വസിക്കുകയും വീണ്ടും ഉത്തരവാദിത്വങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതായിരുന്നു. 2017ല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ അഹമ്മദ് പട്ടേലിനെ വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നില്ല. പകരം അശോക് തന്‍വര്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, പ്രദ്യൂത് ദേബ്ബര്‍മ്മന്‍, മിലിന്ദ് ദിയോറ എന്നീ യുവനേതാക്കളെയാണ് ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിരുന്നത്.
സോണിയാ ഗാന്ധി വന്നതോടെ അഹമ്മദ് പട്ടേലിന് പരിഗണന ലഭിച്ചു. പട്ടേല്‍ ഇതോടെ ആദ്യം ചെയ്ത കാര്യം വേണ്ടത്ര മുന്‍പരിചയമില്ലാത്ത യുവനേതാക്കളെ ഒതുക്കുക എന്നതായിരുന്നു.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നീ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് അഹമ്മദ് പട്ടേല്‍. 1998ല്‍ സീതാറാം കേസരിയില്‍ നിന്ന് സോണിയാ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഒപ്പം നിന്ന് ഓരോ കാര്യങ്ങളിലും ഇടപെട്ട വ്യക്തിയാണ് അഹമ്മദ് പട്ടേല്‍. അത് കൊണ്ട് തന്നെ സോണിയാ ഗാന്ധി അഹമ്മദ് പട്ടേലിനെ പ്രധാന ഉത്തരവാദിത്വങ്ങളേല്‍പ്പിച്ചു.
ഹരിയാന തെരഞ്ഞെടുപ്പായിരുന്നു രണ്ടാം വരവിലെ പട്ടേലിന്റെ ആദ്യ ഉത്തരവാദിത്വം. ഹരിയാനയുടെ ഉത്തരവാദിത്വമുള്ള ഗുലാം നബി ആസാദിനോട് അശോക് തന്‍വറും ഭൂപീന്ദര്‍ സിംഗ് ഹൂഡയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് കുമാരി ഷെല്‍ജയെ സംസ്ഥാന അദ്ധ്യക്ഷയായും ഹൂഡയെ പാര്‍ട്ടിയുടെ ഒന്നാമനായും അവരോധിക്കുന്നത്. ആ നീക്കം ഗുണപരമായെന്നാണ് തെരഞ്ഞെടുപ്പ് ഫലം പറയുന്നത്.
ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും അഹമ്മദ് പട്ടേലിനെ കരുത്തനാക്കുന്നു. മൂന്നു സീറ്റുകളില്‍ വിജയിച്ചുവെന്ന് മാത്രമല്ല വോട്ട് ശതമാനം വര്‍ധിപ്പിക്കാനും കഴിഞ്ഞു.
മഹാരാഷ്ട്രയില്‍ അശോക് ചവാനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി ബാലാസാഹേബ് തോറാട്ടിനെ അദ്ധ്യക്ഷനാക്കിയതും മിലിന്ദ് ദിയോറയെ മുംബൈ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി ഏക്‌നാഥ് ഗേക്കവാദിനെ കൊണ്ടുവന്നത് പിന്നിലും അഹമ്മദ് പട്ടേലുണ്ട്.
അഹമ്മദ് പട്ടേലിനോടൊപ്പം തന്നെ പഴയ നേതാക്കളും നേതൃത്വത്തിലേക്ക് മടങ്ങി വന്നു. മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോറയും ഹരിയാന തെരഞ്ഞെടുപ്പില്‍ വലിയ ഇടപെടലാണ് നടത്തിയത്. 90കാരനായ വോറയും ഹൂഡയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്.
ഗുലാം നബി ആസാദാണ് മറ്റൊരു നേതാവ്. ക്രൈസിസ് മാനേജര്‍ എന്ന് അറിയപ്പെടുന്ന ആസാദ് ആണ് രാജ്യസഭയില്‍ പാര്‍ട്ടിയെ നയിക്കുന്നത്.
മല്ലികാര്‍ജുന ഖാര്‍ഗെ, മീരാ കുമാര്‍, ശിവരാജ് പാട്ടീല്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് സോണിയാ ഗാന്ധി തിരികെ എത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രധാനികളായി മാറിയിരിക്കുന്നത്.