| Tuesday, 30th June 2020, 3:21 pm

സ്‌റ്റെര്‍ലിങ് തട്ടിപ്പ് കേസ്; അഹമ്മദ് പട്ടേലിനെ വീണ്ടും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്‌റ്റെര്‍ലിങ് ബയോടെക് സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ വീണ്ടും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് ചോദ്യം ചെയ്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പട്ടേല്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ചോദ്യം ചെയ്തത്. വഡോദര ആസ്ഥാനമായുള്ള ഫാര്‍മ കമ്പനിയായ സ്റ്റെര്‍ലിംഗ് ബയോടെകിന്റെ പ്രധാന പ്രൊമോട്ടര്‍മാരും ഡയറക്ടര്‍മാരുമായ നിതിന്‍ ജയന്തിലാല്‍ സന്ധേസര, ചേതന്‍കുമാര്‍ ജയന്തിലാല്‍ സന്ദേസര, ദീപ്തി സന്ദേസര തുടങ്ങിയവരാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

കേസുമായി ബന്ധപ്പെട്ട് പട്ടേലിന്റെ മകന്‍ ഫൈസലിനെയും മരുമകന്‍ ഇര്‍ഫാന്‍ സിദ്ദിഖിയെയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

ഫൈസലിനും  ഇര്‍ഫാന്‍ സിദ്ദിഖിയ്ക്കും സന്ദേസര സഹോദരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ബാങ്കില്‍ നിന്ന് 14,500 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മൂന്നുപേരും ഇപ്പോള്‍ ഒളിവിലാണ്. നിതിനും ചേതന്‍കുമാറും സഹോദരങ്ങളാണ്.

അതേസമയം രത്‌നവ്യാപാരികളായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിനെക്കാള്‍ വലിയ തട്ടിപ്പ് കേസാണിതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഖജാന്‍ജികൂടിയായ അഹമ്മദ് പട്ടേലിനെ ജൂണ്‍ 27നാണ് ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more