| Thursday, 14th March 2013, 8:48 am

ഷാവേസിന്റെ അമ്മയെ ആശ്ലേഷിച്ച നെജാദ് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സംസ്‌കാരച്ചടങ്ങിനിടെ ഷാവേസിന്റെ അമ്മയെ ആശ്വസിപ്പിക്കാനായി ആശ്ലേഷിച്ച ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് വിവാദത്തില്‍. []

രക്തബന്ധമില്ലാത്ത സ്ത്രീകളെ സ്പര്‍ശിക്കാന്‍ പാടില്ലെന്ന രാജ്യത്തെ ഇസ്ലാം നിയമത്തെയാണ് നെജാദ് വെല്ലുവിളിച്ചതെന്നാണ് പ്രധാന ആരോപണം.

ഷാവേസിന്റെ സംസ്‌ക്കാരച്ചടങ്ങിനിടെ പൊട്ടിക്കരയുന്ന അദ്ദേഹത്തിന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന നെജാദിന്റെ ഫോട്ടോ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇറാനിലെ നിയങ്ങള്‍ കാറ്റില്‍ പറത്തുകയാണ് നെജാദ് ചെയ്തതെന്ന് പത്രങ്ങള്‍ കുറ്റപ്പെടുത്തുന്നു.

രക്തബന്ധമില്ലാത്ത സ്ത്രീയുമായുള്ള ഒരുസ്പര്‍ശനം പോലും ഇസ്ലാമികനിയമത്തിനെതിരാണ്.

രക്തബന്ധമില്ലാത്ത സ്ത്രീക്ക് കൈകൊടുക്കുന്നതും കവിളില്‍ പിടിക്കുന്നതുമെല്ലാം ഇസ്ലാംമതം വിലക്കിയിട്ടുണ്ടെന്നും അത്തരമൊരു സാഹചര്യത്തില്‍ പ്രസിഡന്റ് തന്നെ ഇത്തരമൊരു കാര്യം ചെയ്തത് തെറ്റായിപ്പോയെന്നും മതപുരോഹിതന്‍ മുഹമ്മദ് താഖ്വി രഹ്ബാര്‍ പറഞ്ഞു.

പ്രായമായ സ്ത്രീ ആയിരുന്നാല്‍ പോലും സ്ത്രീകളെ സ്പര്‍ശിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാം മതം പറഞ്ഞിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നെജാദിന്റെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മതപുരോഹിതര്‍ പറയുന്നു

മഹ്മൂദ് അഹ്മദിനെജാദിന്റെ ഏറ്റവും നല്ല സുഹൃത്തും പിന്തുണയുമായിരുന്നു ഹ്യൂഗോ ഷാവേസ്. എന്നാല്‍ രാജ്യത്തിന്റെ അന്തസ്സ് നഷ്ട്‌പ്പെടുത്തിയ നെജാദ് ഷാവേസിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചത് മതവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്.

യേശുക്രസ്തുവിനെ പോലെയും ഇമാം മഹ്ദിയെപോലെയും ഷാവേസ് തിരിച്ചുവരുമെന്ന നെജാദിന്റെ വാക്കും ഇസ്ലാംവാദികള്‍ അംഗീകരിക്കുന്നില്ല.

We use cookies to give you the best possible experience. Learn more