| Monday, 8th January 2018, 10:54 am

മുന്‍ പ്രസിഡന്റ് അഹമ്മദ് നെജാദിനെ ഇറാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റ് അഹമ്മദ് നെജാദിനെ ഇറാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 28ന് പടിഞ്ഞാറന്‍ ഇറാനിലെ ബുഷ്ഹറില്‍ നെജാദ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ ഖുദ്‌സ് അല്‍ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

“ഇപ്പോഴത്തെ പല നേതാക്കളും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും ആശങ്കകളില്‍ നിന്നും അകന്ന് കഴിയുകയാണ്. സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല”. നെജാദ് പ്രസംഗിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ഇറാനില്‍ പ്രക്ഷോഭം അവസാനിച്ചുവെന്ന് റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ വരുന്നത്. 61 കാരനായ നെജാദ് 2005-2013 വരെയാണ് ഇറാന്‍ പ്രസിഡന്റായിരുന്നത്. ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ 22 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും 50നടുത്ത് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞിരുന്നു.

2009ലാണ് ഇറാനില്‍ ഇതുപോലെ പ്രക്ഷോഭമുണ്ടായത്. അന്ന് അഹമ്മദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിയാണെന്ന് ആരോപിച്ചായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നത്.

We use cookies to give you the best possible experience. Learn more