| Tuesday, 31st July 2018, 12:08 pm

'ഞാന്‍ ഇരയല്ല, പോരാളിയാണ്' ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ മുഖം അഹദ് തമീമി സംസാരിക്കുന്നു

ജിന്‍സി ടി എം

ഇസ്രഈല്‍ അധിനിവേശത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 16 കാരിയായ ഫലസ്തീനി ബാലിക അഹദ് തമീമി. എട്ടുമാസത്തെ തടവുശിക്ഷയ്ക്കുശേഷം തമീമി മോചിതയായിരിക്കുകയാണ്. എന്നാല്‍ തമീമിയുടെ നെഞ്ചിലെ കനലിനെ കെടുത്താന്‍ ഈ തടവുശിക്ഷയ്ക്ക് ഒട്ടും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല അത് കുറേക്കൂടി കത്തിജ്വലിപ്പിക്കുകയാണ് ചെയ്തതെന്നാണ് അവരുടെ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.

എട്ടുമാസത്തെ തന്റെ തടവുകാലം അന്താരാഷ്ട്ര നിയമങ്ങള്‍ പഠിക്കാനുള്ള അവസരമായാണ് വിനിയോഗിച്ചതെന്നാണ് തമീമി പറയുന്നത്. ഒരുദിവസം ഇസ്രഈലിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ് ലീഡ് ചെയ്യുമെന്നും അവര്‍ പറയുന്നു.

” ദൈവം സഹായിച്ചാല്‍, ഞാന്‍ നിയമപഠനം പൂര്‍ത്തിയാക്കും.” ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ തമീമി പറയുന്നു. ” ഫലസ്തീനെതിരായ ധ്വംസനങ്ങള്‍ ഞാന്‍ ക്രിമിനല്‍ കോടതിക്കു മുമ്പിലെത്തിക്കും. അതിന് ഇസ്രഈലിന് ശിക്ഷവാങ്ങിച്ചുകൊടുക്കും. വലിയ അഭിഭാഷകയായശേഷം എന്റെ രാജ്യത്തിന് നഷ്ടപ്പെട്ട അവകാശങ്ങള്‍ തിരിച്ചുകൊടുക്കും.”

Also Read:ബി.ജെ.പിയ്‌ക്കെതിരെ അണിയറയില്‍ ഒരുങ്ങുന്നത് മഹാസഖ്യം; തുടക്കം യു.പിയില്‍

തടവുകാലയളവില്‍ താനും ജയിലിലെ ഫലസ്തീനികളായ മറ്റു വനിതാ തടവുകാരും മണിക്കൂറുകളോളം ഒരുമിച്ചിരുന്ന് നിയമപാഠങ്ങള്‍ പഠിക്കുകയായിരുന്നു. ” ജയിലിനെ ഒരു സ്‌കൂളാക്കി മാറ്റാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു” അവര്‍ പറയുന്നു.

“അറസ്റ്റിലാവുകയെന്ന അനുഭവം തീര്‍ത്തും കഠിനമാണ്. എത്ര ശ്രമിച്ചാലും അത് വിശദീകരിക്കാനാവില്ല. പക്ഷേ ഈ അനുഭവം എന്റെ ജീവിതത്തില്‍ മൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ഒരുപക്ഷേ അതെന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി. കൂടുതല്‍ ബോധവതിയാക്കി.”

തടവില്‍ ഇസ്രഈലിന്റെ പെരുമാറ്റം പതിവുപോലെ തന്നെയായിരുന്നെന്നും അവര്‍ പറയുന്നു. “ഇത് ആദ്യതവണയല്ല, അത് യാദൃശ്ചികവുമായിരുന്നില്ല. അതാണ് അവരുടെ ചോദ്യം ചെയ്യല്‍ രീതി.” അവര്‍ പറയുന്നു.

ജയിലിലെ അനുഭവങ്ങള്‍ ഇന്റര്‍നാഷണല്‍ അഭിഭാഷകയെന്ന തന്റെ ലക്ഷ്യത്തിന് ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് തമീമി പറയുന്നത്. ” ഉദാഹരണത്തിന്, ഞാന്‍ തടവില്‍ കഴിയവേ എനിക്കെതിരെ ധ്വംസനങ്ങളുണ്ടായി. അന്താരാഷ്ട്ര നിയമം എന്നെ പഠിപ്പിച്ചത് അത്തരം പെരുമാറ്റങ്ങള്‍ പാടില്ല എന്നു തന്നെയാണ്.” ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഫുട്‌ബോള്‍ കളിക്കാരിയാവാനാണ് ആഗ്രഹമെന്നും അവര്‍ പറയുന്നു.

തമീമിയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണ ഇസ്രഈലി സര്‍ക്കാറിനെ രോഷം കൊള്ളിച്ചിട്ടുണ്ട്. ” അവര്‍ സത്യത്തെ ഭയക്കുകയാണ്. അവര്‍ ചെയ്യുന്നത് തെറ്റായിരുന്നില്ലെങ്കില്‍ സത്യത്തെ ഭയക്കില്ലായിരുന്നു. സത്യമാണ് അവരെ പേടിപ്പെടുത്തുന്നത്. ഈ സത്യം ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടാന്‍ എനിക്കു കഴിഞ്ഞു. എനിക്ക് ഇത്രയേറെ ശ്രദ്ധലഭിച്ചതില്‍ തീര്‍ച്ചയായും അവര്‍ ഭയക്കുന്നുണ്ട്. അവര്‍ എല്ലായ്‌പ്പോഴും സത്യത്തെ ഭയക്കുന്നു. അവരാണ് അധിനിവേശം നടത്തുന്നത്. ഞങ്ങള്‍ അധിനിവേശത്തിനു കീഴിലാണ്.”

Also Read:എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു: ലൈംഗികാരോപണം ഉന്നയിച്ച നടിയോട് ലോറന്‍സിന്റെ മറുപടി

അന്ന് ആ പട്ടാളക്കാരനെ അടിച്ചതില്‍ ഒട്ടും കുറ്റബോധമില്ലെന്നാണ് തമീമി പറയുന്നത്. സംഘര്‍ഷത്തിനിടെ 15 വയസുള്ള തന്റെ കസിന്റെ തലയില്‍ റബ്ബര്‍ ബുള്ളറ്റുകൊണ്ടു വെടിയുതിര്‍ത്തയാളെയാണ് താന്‍ അടിച്ചത്.

“ഫലസ്തീനിയന്‍ പോരാട്ടത്തിന്റെ അടയാളമായി മാറിയതിലും ഫലസ്തീനിയന്‍ സന്ദേശം ലോകത്തിനു മുമ്പില്‍ കേള്‍പ്പിക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്. തീര്‍ച്ചയായും അത് എനിക്ക് വലിയ ഉത്തരവാദിത്തമാണ്. പക്ഷേ എനിക്കതിനു കഴിയുമെന്ന പൂര്‍ണവിശ്വാസം ഉണ്ട്.”

ഇനിയെന്ത് ചെയ്യണമെന്നാലോചിക്കാന്‍ ഇപ്പോള്‍ തനിക്ക് അല്പം വിശ്രമം ആവശ്യമുണ്ടെന്നും അവര്‍ പറയുന്നു. ” അവസാനം മതില്‍ക്കെട്ടുകളില്ലാതെ ഞാന്‍ ആകാശം കണ്ടു. തട്ടമിടാതെ എനിക്കു തെരുവിലൂടെ നടക്കാം. എനിക്കു നക്ഷത്രങ്ങള്‍ കാണാം, ചന്ദ്രനേയും. കുറേക്കാലമായി ഞാനവയെ കാണാറില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തിനൊപ്പമാണ്.”

“ഞാന്‍ ഇസ്രഈല്‍ അധിനിവേശത്തിന്റെ ഇരയല്ല. 15ാം വയസില്‍ റൈഫിളും കയ്യില്‍കൊണ്ടുനടക്കേണ്ടിവരുന്ന ജൂതനുണ്ട്. അവരാണ് അധിനിവേശത്തിന്റെ ഇരകള്‍. എന്നെ സംബന്ധിച്ച് തെറ്റും ശരിയും തിരിച്ചറിയാന്‍ എനിക്കു കഴിയും. പക്ഷേ അവന് കഴിയില്ല. അവന്റെ കാഴ്ചപ്പാടുകള്‍ മേഘാവൃതമാണ്. ഹൃദയം നിറയേ ഫലസ്തീനികള്‍ക്കെതിരായുളള വിദ്വേഷമാണ്. അവനാണ് ഇര, ഞാനല്ല. ഞാനെപ്പോഴും പറയുന്നത് ഞാനൊരു സ്വാതന്ത്ര്യസമര പോരാളിയാണെന്നാണ്. അതുകൊണ്ട് എനിക്ക് ഇരയാവാന്‍ കഴിയില്ല.”

Also Read:അസം പൗരത്വ നിര്‍ണയം; 30 വര്‍ഷം അതിര്‍ത്തി കാത്ത സൈനികനെ പട്ടികയില്‍ നിന്ന് പുറത്താക്കി

2017 ഡിസംബറിലാണ് തമീമിയും മാതാവും അറസ്റ്റിലാവുന്നത്. നബി സലേഹിലുള്ള തന്റെ വീടിന് പുറത്ത് നില്‍ക്കുന്ന ആയുധധാരികളായ രണ്ട് ഇസ്രഈലി സൈനികരുടെ മുഖത്തടിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തന്റെ 15 വയസുകാരനായ സഹോദരന്‍ മുഹമ്മദിനെ സൈന്യം വെടിവെച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തമീമി.

തമീമി സംഭവത്തിന് ശേഷം നബി സലേഹില്‍ റെയ്ഡ് നടത്തിയ ഇസ്രഈല്‍ സൈന്യം പ്രദേശവാസികളെ അറസ്റ്റ് ചെയ്യുകയും 21കാരനായ ബന്ധു ഇസ്സ് അല്‍ ദീന്‍ തമീമിയെ വെടിവെക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ 15 പേര്‍ ഇപ്പോഴും സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് തമീമിയുടെ ബന്ധുവായ മനാല്‍ പറയുന്നത്. തമീമിയുടെ സഹോദരനായ വാഇദ് തമീമി ഇപ്പോഴും തടവിലാണ്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more