| Saturday, 9th April 2022, 8:02 am

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന്; 'ഇറക്കുമതി ചെയ്ത സര്‍ക്കാരി'നെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ഇമ്രാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന് നടക്കും. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

പാകിസ്ഥാന്‍ സമയം 10:30യോട് കൂടി അസംബ്ലി നടപടികള്‍ ആരംഭിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലി ഡപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കുകയും സഭ പുനസ്ഥാപിക്കുകയുമായിരുന്നു.

അതിനിടെ, വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായി ജനങ്ങളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ‘ഇറക്കുമതി ചെയ്ത സര്‍ക്കാരി’നെ അംഗീകരിക്കില്ല എന്നായിരുന്നു ഇമ്രാന്റെ പ്രതികരണം.

”ഇറക്കുമതി ചെയ്ത ഈ സര്‍ക്കാരിനെ ഞാന്‍ അംഗീകരിക്കില്ല, തെരുവിലിറങ്ങും. ജനങ്ങള്‍ക്ക് മാത്രമേ എന്നെ അധികാരത്തിലെത്തിക്കാന്‍ സാധിക്കൂ. ജനങ്ങളുടെ സഹായത്തോട് കൂടി ഞാന്‍ അധികാരത്തില്‍ തിരിച്ചെത്തും,” എന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്.

ഞായറാഴ്ച പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ തന്നെ പിന്തുണക്കുന്നവര്‍ തെരുവിലിറങ്ങണമെന്നും ഇമ്രാന്‍ ആഹ്വാനം ചെയ്തു.

നേരത്തെ, തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. വിദേശരാജ്യങ്ങളോട് കൂട്ടുകൂടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എന്നായിരുന്നു ആരോപണം. അമേരിക്കയെ ഉന്നംവെച്ചായിരുന്നു ഈ പ്രസ്താവന.

ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത നിലയാണുള്ളത്.

ഇമ്രാന്‍ ഖാന്‍ സ്ഥാനമൊഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്നത് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫിനാണ്.

പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (പി.എം.എല്‍) (നവാസ്) നേതാവാണ് ഷഹബാസ് ഷെരീഫ്.

342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണ വേണം.

2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെ 179 അംഗങ്ങളുമായാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ ഇപ്പോള്‍ പി.ടി.ഐക്ക് 155 സീറ്റുകള്‍ മാത്രമാണുള്ളത്.

സഖ്യകക്ഷികളില്‍ ചിലര്‍ പിന്തുണ പിന്‍വലിച്ചതോടെ നിലവില്‍ ഇമ്രാന്റെ സഖ്യസര്‍ക്കാരിന് 164 പേരുടെ പിന്തുണയാണുള്ളത്.

ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും. തങ്ങള്‍ക്ക് 172 സീറ്റില്‍ കൂടുതലുണ്ട് എന്ന് പ്രതിപക്ഷവും വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്ന് പുറത്താവുകയാണെങ്കില്‍ പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാകും ഇമ്രാന്‍.

Content Highlight: Ahead Of Trust Vote Today, Imran Khan asks people to protest against “Imported Government”

We use cookies to give you the best possible experience. Learn more