ഇന്ത്യക്ക് ഇനിയെന്ത് വേണം, രക്ഷകന്‍ അവതരിച്ചു; സൂപ്പര്‍ താരത്തിന്റെ മടങ്ങി വരവില്‍ ദക്ഷിണാഫ്രിക്ക ചാമ്പലാവും
Sports News
ഇന്ത്യക്ക് ഇനിയെന്ത് വേണം, രക്ഷകന്‍ അവതരിച്ചു; സൂപ്പര്‍ താരത്തിന്റെ മടങ്ങി വരവില്‍ ദക്ഷിണാഫ്രിക്ക ചാമ്പലാവും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th September 2022, 6:19 pm

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ തേടി സന്തോഷ വാര്‍ത്ത. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരില്‍ പ്രധാനിയായ മുഹമ്മദ് ഷമി കൊവിഡ് നെഗറ്റീവായി ടീമിനൊപ്പം ചേരുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഷമിക്ക് ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പര നഷ്ടമായിരുന്നു. പരമ്പരക്ക് മുമ്പ് തന്നെ താരം കൊവിഡ് ബാധിതനാവുകയും സ്‌ക്വാഡില്‍ നിന്നും പുറത്താവുകയുമായിരുന്നു.

വെറ്ററന്‍ താരം ഉമേഷ് യാദവായിരുന്നു ഷമിക്ക് പകരക്കാരനായി കളത്തിലിറങ്ങിയത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ താരം ഒരിക്കല്‍ക്കൂടി ടീമില്‍ നിന്നും പുറത്തായി.

കൊവിഡ് പോസിറ്റീവായി തുടരുന്നതിനാല്‍ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയും ഷമിക്ക് നഷ്ടമാകുമെന്ന് കരുതിയിരുന്നു. ഷമിക്ക് പകരക്കാരനായി ഉമ്രാന്‍ മാലിക് ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ താരമിപ്പോള്‍ കൊവിഡില്‍ നിന്നും മുക്തനായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്റെ കൊവിഡ് റിസള്‍ട്ട് പങ്കുവെച്ച് ‘നെഗറ്റീവ്’ എന്ന് കുറിച്ചുകൊണ്ടായിരുന്നു ഷമി രോഗം ഭേദമായ വിവരം ആരാധകരുമായി പങ്കുവെച്ചത്.

വരും മത്സരത്തില്‍ താരം ടീമിനൊപ്പം മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.

അതേസമയം, ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഷമി മടങ്ങിയെത്താനും സാധ്യതകള്‍ കല്‍പിക്കുന്നുണ്ട്. സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസരം ഐ.സി.സി നല്‍കുന്നുണ്ട് എന്നതാണ് ഷമി ലോകകപ്പ് ജേഴ്‌സിയില്‍ കളിക്കാനുള്ള സാധ്യതകള്‍ ഉയര്‍ത്തുന്നത്.

ലോകകപ്പില്‍ പങ്കെടുക്കുന്ന 16 ടീമുകളും അവരുടെ സ്‌ക്വാഡ് അനൗണ്‍സ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അവര്‍ക്ക് പ്രഖ്യാപിച്ച സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള ഒരു അവസരം ഐ.സി.സി നല്‍കുന്നുണ്ട്.

പരിക്കോ മറ്റ് പ്രശ്നങ്ങളോ ഇല്ലെങ്കില്‍ക്കൂടിയും മെയ്ന്‍ സ്‌ക്വാഡിലെ താരങ്ങള്‍ക്ക് പകരം താരത്തെ ഉള്‍പ്പെടുത്താം. ഒക്ടോബര്‍ ഒമ്പത് വരെ താരങ്ങള്‍ക്ക് ഈ രീതിയില്‍ ടീമിനെ പൊളിച്ചെഴുതാന്‍ സാധിക്കും. ഡെഡ് ലൈന്‍ കഴിഞ്ഞതിനാല്‍ ഐ.സി.സിയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന് മാത്രം.

ഈ നിയമം ഉപയോഗപ്പെടുത്തി ഷമിയെ മെയ്ന്‍ സ്‌ക്വാഡിലേക്കെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരും ക്രിക്കറ്റ് പണ്ഠിറ്റ്സും ഷമിയെ ആണ് പിന്തുണക്കുന്നതും. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഷമിയോളം മികച്ച ഓപ്ഷന്‍ മറ്റാരും തന്നെയില്ല.

ഇന്ത്യ മാത്രമല്ല, ഓസീസ് അടക്കമുള്ള മറ്റ് ടീമുകളും ഈ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കാമറൂണ്‍ ഗ്രീന്‍ നിലവില്‍ ലോകകപ്പിനുള്ള കങ്കാരുപ്പടയില്‍ അംഗമല്ല. എന്നാല്‍ താരത്തെ ഓസീസിന്റെ ലോകകപ്പ് ജേഴ്സിയില്‍ കണ്ടേക്കാമെന്നാണ് സൂചനകള്‍.

 

 

 

Content highlight: Ahead of the first T20 against South Africa, Mohammad Shami tested negative for Covid-19