മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലിൽ; കശ്മീർ പ്രത്യേക പദവി ഭേദഗതിയിൽ ഇന്ന് സുപ്രീം കോടതി വിധി
national news
മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലിൽ; കശ്മീർ പ്രത്യേക പദവി ഭേദഗതിയിൽ ഇന്ന് സുപ്രീം കോടതി വിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th December 2023, 10:59 am

കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭരണഘടന ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയിൽ സുപ്രീംകോടതിയുടെ നിർണായക വിധി വരാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കശ്മീരിൽ രാഷ്ട്രീയ നേതാക്കൾ വീട്ടുതടങ്കലിൽ.

ഹരജിക്കാരുടെയും കേന്ദ്രത്തിന്റെയും ജമ്മു കശ്മീർ ഭരണകൂടത്തിന്റെയും വാദങ്ങൾ കേട്ട ശേഷം സെപ്റ്റംബർ അഞ്ചിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു.

2019ലെ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വിവിധ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ് മുഫ്തി, ഒമർ അബ്ദുള്ള, ഹുറിയത്ത് ചെയർമാൻ മിർവഹൈസ് ഉമർ ഫാറൂഖ് എന്നിവരെയാണ് പൊലീസ് വീട്ടുതടങ്കലിലാക്കിയത്. വീടിന്റെ ഗേറ്റുകൾ അടച്ചതായും വീട്ടുതടങ്കലിലാണെന്നും മെഹ്ബൂബയും അറിയിച്ചു.

അതേസമയം ആരും വീട്ടുതടങ്കലിലല്ലെന്നാണ് ലഫ്.ഗവർണർ മനോജ് സിൻഹയുടെ വാദം.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് കശ്മീരിലെയും ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെയും ക്ലാസുകൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സുപ്രീംകോടതി ഹരജി തള്ളിയാൽ ക്രമസമാധാനം തകരുന്നത് ഒഴിവാക്കാനാണ് സുരക്ഷാ മുൻകരുതലുകൾ.

വി.ഐ.പികളുടെ എസ്കോർട്ട് വാഹനങ്ങൾ പ്രശ്നബാധിത മേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സൈനികർ പുറത്തിറങ്ങിരുതെന്നും കശ്മീർ ഐ.ജി നിർദ്ദേശം നൽകി.

പൊതുജനങ്ങൾക്ക് വിലക്കുകൾ ഒന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടോ എന്ന് ഇന്റലിജൻസ് ഏജൻസികൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Content highlight: Ahead of Supreme Court verdict on Article 370, leaders put under house arrest