കുരുക്കഴിയാതെ വി.കെ ശശികല; 2000 കോടിയുടെ സ്വത്തുകള്‍ മരവിപ്പിച്ചു; നടപടി ഇ പളനിസാമിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ
national news
കുരുക്കഴിയാതെ വി.കെ ശശികല; 2000 കോടിയുടെ സ്വത്തുകള്‍ മരവിപ്പിച്ചു; നടപടി ഇ പളനിസാമിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th October 2020, 11:04 pm

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹായിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ ശശികലയുടെ 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്.

ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ആദായനികുതി വകുപ്പിന്റെ നടപടി.

2017 ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ കോടനാട്, സിരുതാവൂര്‍ മേഖലകളിലുള്ള സ്വത്തുക്കളാണ് മരവിപ്പിച്ചതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ ഇ. പളനിസാമിയെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. പളനി സാമിയും ശശികലയും തമ്മില്‍ പ്രകടമായി തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പളനിസാമിയും അനുയായികളും ശശികലയെ പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസാമിയെ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയേയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ahead of Release From Jail, VK Sasikala’s Assets Worth 1,500 Crore Seized