ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുനേരെ കരിങ്കൊടി കാട്ടുമെന്ന് ഭയന്ന് ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയില്‍ കറുത്ത വസ്തുക്കള്‍ക്ക് നിരോധനം. പാലമു ജില്ലാ ഭരണകൂടമാണ് കറുത്ത വസ്ത്രം ഉള്‍പ്പെടെ നിരോധിച്ചത്.
ശനിയാഴ്ചയാണ് മോദി പങ്കെടുക്കുന്ന യോഗം നടക്കുന്നത്. കറുത്ത വസ്തുക്കളുമായി അല്ലെങ്കില്‍ വസ്ത്രവുമായി വേദിയിലെത്തുന്നവര്‍ക്ക് പ്രവേശനം ഇല്ലെന്നാണ് പാലമു പൊലീസ് സൂപ്രണ്ട് ഇന്ദ്രജിത് മഹത ചൊവ്വാഴ്ച പറഞ്ഞത്.
അധ്യാപക ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കഴിഞ്ഞ മൂന്നുമാസക്കാലമായി ജാര്‍ഖണ്ഡിലെ പാരാ-ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രക്ഷോഭം നടത്തിവരികയായിരുന്നു.
തങ്ങളുടെ ആവശ്യത്തില്‍ നടപടിയുണ്ടാത്തതില്‍ പ്രതിഷേധിച്ച് പാലമുവില്‍ പൊതുപരിപാടിക്കെത്തുന്ന മോദിയെ കരിങ്കൊടി കാണിക്കുമെന്ന് അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കറുപ്പു വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി ഭരണകൂടം രംഗത്തെത്തിയത്.
പരിപാടിയില്‍ പങ്കെടുക്കുന്ന കാണികള്‍ക്കും പരിപാടിയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്ന് പൊലീസ് സുപ്രണ്ട് ഇന്ദ്രജിത് മഹത പറഞ്ഞു.
പാലവു ജില്ലയുടെ അയല്‍പ്രദേശങ്ങളായ ഛത്ര, ലത്താര്‍ ഗര്‍വ എന്നിവങ്ങളില്‍ നിന്നും കറുത്ത സാമഗ്രികളുമായി പരിപാടിയില്‍ പങ്കെടുക്കാന്‍ ആരെങ്കിലും എത്തിയാല്‍ അവരെ തടയാനും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.