പുരുളിയ: ബംഗാളിലെ പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ബംഗാളിലെ പുരുലിയ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഈ 75 കാരനെ നിലത്തേക്ക് വലിച്ചിടുകയും വടികള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയുമായിരുന്നു. അദ്ദേഹയിപ്പോള്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തില്‍ മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
“ബംഗാളില്‍ ഞങ്ങളുടെ സഖാക്കള്‍ക്കുനേരെ തൃണമൂല്‍ ഗുണ്ടകളുടെ വ്യാപകമായ ആക്രമണം നടക്കുകയാണ്. ഒമ്പതുതവണ എം.പിയായ സഖാവ് ബസുദേവ് ആചാര്യ ഇന്ന് ആക്രമിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധിക്കുക, പ്രതിരോധിക്കുക! ജനാധിപത്യം സംരക്ഷിക്കുക!” ആക്രമണത്തെ അപലപിച്ചുകൊണ്ട് സി.പി.ഐ.എം പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
ബംഗാളില്‍ അടുത്തമാസം ഒന്ന്, മൂന്ന്, അഞ്ച് തിയ്യതികളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞദിവസങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.
Also Read: ബീജ ദാതാവാകണമെങ്കില്‍ ഉറച്ച കമ്യൂണിസ്റ്റ്കാരനാകണം; വിചിത്ര നിര്‍ദേശവുമായി ബീജ ബാങ്ക്
ഇതിനെതിരെ പരാതി നല്‍കാനായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയ ബി.ജെ.പി നേതാക്കളും ആക്രമിക്കപ്പെട്ടിരുന്നു.